മലയാള സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിവിൻ പോളി – ഗിരീഷ് എ ഡി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രമായ ‘ബത്ലഹേം കുടുംബ യൂണിറ്റ്’ എന്ന സിനിമയുടെ ഔദ്യോഗിക ട്രെയിലർ പുറത്തുവിട്ടു. തികച്ചും ഹാസ്യത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള ഒരു സമ്പൂർണ്ണ ഓണം പാക്കേജായിട്ടാണ് ചിത്രം എത്തുന്നത്.
ഓഗസ്റ്റ് 21-നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തിൽ സത്യൻ അന്തിക്കാട് ചിത്രങ്ങളുടെ തനിമയോടെ കഥ പറയുന്ന ഈ ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്.
മൂന്ന് മിനിറ്റോളം ദൈർഘ്യമുള്ള ട്രെയിലറാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൽ ജസ്റ്റിൻ, ആഷ്ലി എന്നീ കഥാപാത്രങ്ങളായാണ് നിവിനും മമിതയും വേഷമിടുന്നത്.
ഇരുവരുടെയും കോമ്പിനേഷൻ ചിത്രത്തിന് പുതിയൊരു ഉന്മേഷം നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ‘തണ്ണീർ മത്തൻ ദിനങ്ങൾ’, ‘സൂപ്പർ ശരണ്യ’, ‘പ്രേമലു’ തുടങ്ങിയ വലിയ വിജയ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
മലയാളത്തിലെ മുൻനിര ബാനറായ ഭാവന സ്റ്റുഡിയോസും നിവിൻ പോളിയും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്.
സൂപ്പർ ഹിറ്റായ ‘പ്രേമലു’വിനുശേഷം ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രമാണിത് എന്നത് മറ്റൊരു പ്രത്യേകതയാണ്. സംവിധായകൻ ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.
സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചാലക്കുടി, പൊള്ളാച്ചി, ഗോവ, ഹൈദരാബാദ്, കുട്ടിക്കാനം എന്നീ ലൊക്കേഷനുകളിലായി നൂറിലധികം ദിവസങ്ങൾ എടുത്താണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.
ചിത്രത്തിന്റെ സാങ്കേതിക അണിയറപ്രവർത്തകർ ഇവരാണ്: ഛായാഗ്രഹണം: അജ്മൽ സാബു, സംഗീത സംവിധാനം: വിഷ്ണു വിജയ്, എഡിറ്റർ: ആകാശ് ജോസഫ് വർഗ്ഗീസ്, ഗാനരചന: വിനായക് ശശികുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബെന്നി കട്ടപ്പന, ജോസ് വിജയ്, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, ആർട്ട് ഡയറക്ടർ: ആഷിക് എസ്, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സംഘട്ടനം: ആക്ഷൻ സന്തോഷ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ജംഷീർ പുരക്കാട്ടിരി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഫിലിപ്പ് ഫ്രാൻസിസ്, സൗണ്ട് മിക്സിങ്: വിഷ്ണു സുജാതൻ, സൗണ്ട് ഡിസൈൻ: ശങ്കരൻ എ.എസ്, കെ.സി സിദ്ധാർത്ഥൻ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, കളറിസ്റ്റ്: രമേഷ് സി.പി, സ്റ്റിൽസ്: റിൻസൺ എം.ബി, റിഷിലാൽ ഉണ്ണികൃഷ്ണൻ, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്സ്, പിആർഒ: ആതിര ദിൽജിത്ത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

