മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി ആവശ്യപ്പെട്ട് സംഘടിപ്പിച്ച ‘തിരംഗ യാത്ര’യിൽ പങ്കെടുത്തതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത ഐസ അഖിലേന്ത്യാ പ്രസിഡന്റ് നേഹ ബോറയെക്കുറിച്ച് അർധരാത്രിയായിട്ടും ഔദ്യോഗിക വിവരങ്ങൾ ലഭ്യമല്ലെന്ന് റിപ്പോർട്ട്. നേഹയുടെ തിരോധാനത്തിലും കസ്റ്റഡി നടപടികളിലെ ദുരൂഹതയിലും ആശങ്ക പ്രകടിപ്പിച്ച് പ്രമുഖ പൊതുപ്രവർത്തകരുടെ സംഘം ദില്ലി പോലീസിനെ ബന്ധപ്പെട്ടു.
ഐസ പ്രവർത്തക അഞ്ജലി, അഡ്വ. മാണിക് ഗുപ്ത, ആർ.ടി.ഐ ആക്ടിവിസ്റ്റ് അഞ്ജലി ഭരദ്വാജ്, പ്രൊഫസർ ജിതേന്ദ്ര മീണ തുടങ്ങിയവർ അടങ്ങിയ സംഘമാണ് പോലീസിനെ കാണാൻ എത്തിയത്.
നേഹ ബോറയെയും അഭിജിത് ദീപ്കെയെയും ജാഫർപൂർ കലാൻ സ്റ്റേഷനിലാണ് പാർപ്പിച്ചിരിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചന. സംഭവസ്ഥലത്ത് വൻ സുരക്ഷയാണ് നിലവിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
വൈകുന്നേരം 4 മണിയോടെ കസ്റ്റഡിയിലെടുത്ത നേഹയെക്കുറിച്ച് രാത്രി വൈകിയും യാതൊരു വിവരവും നൽകാൻ പോലീസ് തയ്യാറായിട്ടില്ല. നേഹ ബോറയെ കസ്റ്റഡിയിലെടുത്ത വാഹനത്തിൽ യൂണിഫോം ധരിക്കാത്ത രണ്ട് പേരുണ്ടായിരുന്നുവെന്നും ഇത് സംഭവത്തിലെ ദുരൂഹത വർദ്ധിപ്പിക്കുന്നുവെന്നും ഐസ ശക്തമായ ആരോപണം ഉന്നയിക്കുന്നു.
പോലീസ് സേനയ്ക്ക് പുറത്തുനിന്നുള്ളവരെയാണോ പ്രതിഷേധക്കാരെ അടിച്ചമർത്താൻ ദില്ലി പൊലീസ് നിയോഗിച്ചിരിക്കുന്നതെന്ന ഗുരുതരമായ ചോദ്യവും സംഘടന ഉയർത്തുന്നുണ്ട്. നേഹ ബോറയെ ഒറ്റയ്ക്ക് മംഗ്ലാപുരിയിലെ ആന്റി നാർക്കോട്ടിക് ടാസ്ക് ഫോഴ്സ് കസ്റ്റഡിയിൽ പാർപ്പിച്ചിരിക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം.
അവരെ കാണാൻ അഭിഭാഷകരെ പോലും പോലീസ് അനുവദിക്കുന്നില്ലെന്നും സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്നും ഐസ വ്യക്തമാക്കി. അതേസമയം, നേഹ ബോറയ്ക്കും അഭിജിത് ദീപ്കെയ്ക്കും ഒപ്പം കസ്റ്റഡിയിലെടുത്ത മറ്റുള്ളവരെയും ഉടൻ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ആനി രാജയടക്കമുള്ള വനിതാ നേതാക്കൾ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ എത്തി ആവശ്യപ്പെട്ടു.
നേഹയുടെ കസ്റ്റഡിക്കെതിരെ കോൺഗ്രസും സമാജ്വാദി പാർട്ടിയും ഇതിനോടകം രംഗത്തുവന്നിട്ടുണ്ട്. ‘തിരംഗ യാത്ര’യിൽ പങ്കെടുക്കാനിറങ്ങവെ കസ്റ്റഡിയിലെടുത്ത സി.ജെ.പി സ്ഥാപക നേതാവ് അഭിജിത് ദീപ്കെയെക്കുറിച്ചുള്ള വിവരങ്ങളും പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
രാജ്യതലസ്ഥാനത്ത് ഇന്നത്തെ സംഘർഷ സാഹചര്യം പൂർണമായും ഒഴിഞ്ഞിട്ടില്ലെന്നും വിവിധ സംഘടനകൾ പ്രതിഷേധം തുടരുകയാണെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

