ബംഗളൂരു ഇലക്ട്രോണിക് സിറ്റിക്ക് സമീപം വാഹനാപകടത്തിൽ മലയാളി യുവതി ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം കനക്കുന്നു.
ഇലക്ട്രോണിക് സിറ്റി പിഎഫ് ഓഫീസ് ജീവനക്കാരിയായ മേധ അപകടത്തിൽപ്പെടാൻ കാരണം മോശം റോഡാണെന്നാരോപിച്ചാണ് ജനരോക്ഷം ഉയർന്നത്. മേധയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും റോഡുകൾ അടിയന്തരമായി നന്നാക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരുന്നു.
ബുധനാഴ്ച രാവിലെ അനന്ത നഗറിൽ ഉണ്ടായ ദാരുണമായ അപകടത്തിന് പിന്നാലെയാണ് പ്രദേശത്ത് പ്രതിഷേധം ശക്തമായത്. മുന്നിലുണ്ടായ കാർ പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടർന്ന്, കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ മേധയും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് പെട്ടെന്ന് നിർത്തേണ്ടി വരികയായിരുന്നു.
റോഡ് തകർന്ന് കിടക്കുകയായിരുന്നതിനാൽ, ബ്രേക്ക് ഇട്ട ഉടനെ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയും മേധ റോഡിലേക്ക് തെറിച്ചുവീഴുകയും ചെയ്തു.
ഈ സമയം തൊട്ടുപിന്നാലെ വന്ന ഗുഡ്സ് വാഹനം ഇവരുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ മേധ മരണപ്പെടുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് നാട്ടുകാർ സംഘടിച്ചെത്തിയത്. മേധയുടെ മരണത്തിന് കാരണം അധികൃതരുടെ വീഴ്ചയും തകർന്ന റോഡുകളുമാണെന്നാണ് നാട്ടുകാരുടെ പ്രധാന ആരോപണം.
പ്രതിഷേധം ശക്തമായതോടെ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞുവെച്ചു. തുടർന്ന് പൊലീസെത്തിയാണ് പ്രതിഷേധക്കാരെ ശാന്തരാക്കിയത്.
ഒരു ആഴ്ചയ്ക്കുള്ളിൽ താൽക്കാലികമായി റോഡുകൾ അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയിട്ടുണ്ട്. നിലവിൽ അനന്ത നഗറിൽ ഓടകളുടെ നിർമ്മാണ പ്രവർത്തനം പുരോഗമിക്കുകയാണെന്നും, ഈ ജോലികൾ പൂർത്തിയാകുന്ന മുറയ്ക്ക് റോഡുകൾ പൂർണ്ണ തോതിൽ പുനർനിർമ്മിക്കുമെന്നും അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

