ബിഎസ്എന്‍എല്‍ എന്‍ജിനീയേഴ്സ് കോ-ഓപറേറ്റീവ് സൊസൈറ്റിയിലെ മുന്നൂറ് കോടിയിലധികം രൂപയുടെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് നിക്ഷേപകര്‍ സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടല്‍ ആവശ്യപ്പെട്ടു. നഷ്ടപ്പെട്ട
നിക്ഷേപം തിരികെ ലഭിക്കുന്നതിനായി രൂപീകരിച്ച ബിഎസ്എന്‍എല്‍ ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ സഹകരണ മന്ത്രി എം.ലിജുവിനെ നേരിട്ടു കണ്ട് നിവേദനം സമര്‍പ്പിച്ചു. സൊസൈറ്റിയുമായി ബന്ധപ്പെട്ട
ക്രമക്കേടുകളെത്തുടര്‍ന്ന് ജപ്തി നടപടികള്‍ ആരംഭിച്ചിരുന്നെങ്കിലും, പിന്നീട് 34 സ്വത്തുക്കള്‍ വിട്ടുകൊടുക്കാന്‍ ആഭ്യന്തര വകുപ്പിന് കീഴിലുള്ള കോംപീറ്റന്റ് അതോറിറ്റി തീരുമാനിക്കുകയുണ്ടായി. ഈ തീരുമാനം പുനഃപരിശോധിക്കണമെന്നും, സഹകരണ വകുപ്പിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പണം വീണ്ടെടുക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും നിക്ഷേപകര്‍ ആവശ്യപ്പെടുന്നു.
കൂടാതെ, ഹൈക്കോടതിയില്‍ നിലവിലുള്ള കേസില്‍ സഹകരണ വകുപ്പ് കക്ഷി ചേരണമെന്നും, സൊസൈറ്റിയില്‍ നിന്ന് വായ്പ എടുത്തവരില്‍ നിന്ന് തുക ഈടാക്കാന്‍ നടപടി സ്വീകരിക്കണമെന്നും അസോസിയേഷന് ഭാരവാഹികള്‍ മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. നിവേദക സംഘത്തിന്റെ ആവശ്യങ്ങള്‍ കേട്ട
മന്ത്രി, വിഷയത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാമെന്ന് ഉറപ്പുനല്‍കിയതായി ഭാരവാഹികള്‍ അറിയിച്ചു. അസോസിയേഷന് പ്രസിഡന്റ് ബി.സുശീലന്, സെക്രട്ടറി എം.എന്‍.ഉമാശങ്കര്‍, ഭാരവാഹികളായ സി.മുരുകന്, ടി.സന്തോഷ്കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് മന്ത്രിയെ സന്ദര്‍ശിച്ചത്.
പശ്ചാത്തലം
2022-ലാണ് സൊസൈറ്റിയിലെ സാമ്പത്തിക ക്രമക്കേടുകള്‍ പുറത്തുവന്നത്. നിക്ഷേപകരുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റകൃത്യ വിഭാഗം അന്വേഷണം ഏറ്റെടുക്കുകയും ചെയ്തു.
ഇതുവരെ 25 കുറ്റപത്രങ്ങള്‍ ബഡ്സ് കോടതിയില്‍ സമര്‍പ്പിക്കുകയും 22 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. നിലവില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസില്‍ പ്രത്യേക അന്വേഷണം നടത്തിവരികയാണ്.
കേസിലെ മുഖ്യപ്രതികളിലൊരാളായ സൊസൈറ്റി പ്രസിഡന്റ് ഗോപിനാഥന് നായര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിനകം മരണപ്പെട്ടിരുന്നു. പണം തിരികെ ലഭിക്കാത്ത സാഹചര്യത്തില്‍ അന്‍പതിലധികം നിക്ഷേപകരും മരണത്തിന് കീഴടങ്ങിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

