രാജ്യത്ത് ഇ20 പെട്രോൾ ഉപയോഗവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാകുന്നതിനിടെ, മിച്ചം വരുന്ന എഥനോൾ വിദേശ വിപണികളിലേക്ക് എത്തിക്കാനുള്ള നിർണായക നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ട്.
ഇന്ത്യയിൽ ഉൽപാദിപ്പിക്കപ്പെടുന്ന എഥനോളിന്റെ അളവ് ആഭ്യന്തര ആവശ്യത്തേക്കാൾ കൂടുതലായ സാഹചര്യത്തിലാണ് പുതിയ നീക്കം. നിലവിൽ 2000 കോടി ലീറ്റർ ആണ് ഇന്ത്യയുടെ വാർഷിക എഥനോൾ ഉൽപാദനം.
2013-14 സാമ്പത്തിക വർഷത്തിൽ വെറും 421 കോടി ലീറ്റർ മാത്രമായിരുന്ന ഉൽപാദന ശേഷിയിൽ നിന്നുള്ള വലിയ കുതിപ്പാണിത്. വരും വർഷങ്ങളിൽ 400 കോടി ലീറ്ററിന്റെ വർധന കൂടി ഈ മേഖലയിൽ ഉണ്ടാകുമെന്ന് വിവിധ സാമ്പത്തിക ഏജൻസികൾ വിലയിരുത്തുന്നു.
ഇന്ത്യയുടെ ആഭ്യന്തര ആവശ്യങ്ങൾക്കായി 1450 കോടി ലീറ്റർ എഥനോളാണ് പ്രതിവർഷം വേണ്ടിവരുന്നത്. ഇതിൽ എണ്ണക്കമ്പനികൾ പെട്രോളിൽ കലർത്താനായി 1100 കോടി ലീറ്ററും, മരുന്ന്-മദ്യ നിർമാണ മേഖലകൾക്കും രാസവ്യവസായങ്ങൾക്കുമായി 350 കോടി ലീറ്ററും വിനിയോഗിക്കുന്നു.
ശേഷിക്കുന്ന 700 കോടി ലീറ്റർ എഥനോൾ വിനിയോഗിക്കാൻ നിലവിൽ വിപണി കണ്ടെത്തേണ്ടതുണ്ട്. എഥനോൾ നിർമാണ ശാലകൾ നിലവിൽ അവയുടെ ശേഷിയുടെ 60 ശതമാനത്തിൽ മാത്രമാണ് പ്രവർത്തിക്കുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഈ സാഹചര്യത്തിലാണ് നേപ്പാൾ, ബംഗ്ലാദേശ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് എഥനോൾ കയറ്റുമതി ചെയ്യുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നത്. ഈ രാജ്യങ്ങൾ പെട്രോളിൽ 10 ശതമാനം എഥനോൾ കലർത്തുന്ന ഇ10 ഇന്ധന നയം നടപ്പിലാക്കാൻ ആലോചിക്കുന്നുണ്ടെങ്കിലും, ആവശ്യമായ ഉൽപാദന സൗകര്യങ്ങൾ അവർക്കില്ലാത്തത് ഇന്ത്യയ്ക്ക് അവസരമൊരുക്കുന്നു.
ഇതിനിടെ, ഇ10 ഇന്ധനം അവതരിപ്പിക്കാനുള്ള നടപടികളുമായി നേപ്പാൾ ഭരണകൂടം രംഗത്തെത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി എഥനോളിന്റെ ഗുണനിലവാരം, സംഭരണം, നിർമാണം എന്നിവ സംബന്ധിച്ച കരടുരേഖ നേപ്പാളിലെ ബ്യൂറോ ഓഫ് സ്റ്റാൻഡേർഡ്സ് പുറത്തിറക്കി.
മെഥനോൾ, ടർപന്റൈൻ, കീറ്റോൺസ് തുടങ്ങിയ ദോഷകരമായ പദാർത്ഥങ്ങൾ എഥനോൾ ഉൽപാദനത്തിൽ ഉപയോഗിക്കാൻ പാടില്ലെന്ന് കരടുരേഖയിൽ കർശനമായി നിർദേശിക്കുന്നു. സുരക്ഷയും ഗുണമേന്മയും ഉറപ്പാക്കിയ ശേഷം മാത്രമായിരിക്കും രാജ്യവ്യാപകമായി പദ്ധതി നടപ്പിലാക്കുകയെന്ന് നേപ്പാൾ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ഈ വിഷയത്തിൽ സാങ്കേതിക വിദഗ്ധരുടെയും പൊതുജനങ്ങളുടെയും അഭിപ്രായങ്ങൾ സ്വീകരിച്ചു വരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

