വയനാട് മാനന്തവാടിയിലെ ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ബേക്കറികൾ, ചായക്കടകൾ, തട്ടുകടകൾ എന്നിവയിൽ വിൽക്കുന്ന ചായയ്ക്കും ചെറുകടികൾക്കും 12 രൂപയായി നിശ്ചയിക്കാൻ തീരുമാനം. ഈ വില ഏകീകരണം ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് നഗരസഭ അധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ അറിയിച്ചു.
നഗരസഭയുടെ ആരോഗ്യ വിഭാഗത്തിന് ലഭിച്ച വ്യാപകമായ പരാതികളുടെയും, പരിശോധനയ്ക്കിടെ പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടികൂടിയതിന്റെയും പശ്ചാത്തലത്തിലാണ് നഗരസഭാ അധികൃതർ അടിയന്തര യോഗം വിളിച്ചുചേർത്തത്. ഹോട്ടൽ, റസ്റ്ററന്റ്, വഴിയോര തട്ടുകട
ഉടമകൾ, ബേക്കറി പ്രതിനിധികൾ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് കർശനമായ പുതിയ നിബന്ധനകൾ അംഗീകരിച്ചത്. പ്രധാന തീരുമാനങ്ങൾ
സ്ഥാപനങ്ങളിൽ ശുദ്ധജലം മാത്രം ഉപയോഗിക്കണമെന്നും, വലിയ ഹോട്ടലുകളിൽ ഉപഭോക്താക്കൾക്ക് കാണാൻ സാധിക്കുന്ന രീതിയിൽ അടുക്കളയിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നും യോഗത്തിൽ നിർദ്ദേശം നൽകി.
ഭക്ഷണശാലകളിൽ പൂർണമായ ശുചിത്വം ഉറപ്പാക്കണമെന്നും കർശന നിർദ്ദേശമുണ്ട്. പഴകിയ ഭക്ഷണം പിടികൂടുന്ന സ്ഥാപനങ്ങൾക്ക് ആദ്യഘട്ടത്തിൽ പിഴ ചുമത്തുകയും, ആവർത്തിക്കുന്ന പക്ഷം ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
അതേസമയം, ഹോട്ടൽ മേഖല കടുത്ത പ്രതിസന്ധിയിലാണെന്നും നഗരസഭയുടെ അഭ്യർത്ഥന മാനിച്ചാണ് താൽക്കാലികമായി വില ഏകീകരണം നടപ്പിലാക്കുന്നതെന്നും, ഭാവിയിൽ തീരുമാനം പുനഃപരിശോധിക്കണമെന്നും ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. യോഗത്തിൽ നഗരസഭ ഡപ്യൂട്ടി ചെയർപഴ്സൻ സിന്ധു സെബാസ്റ്റ്യൻ, സ്ഥിരം സമിതി അധ്യക്ഷൻമാരായ ലേഖാ രാജീവൻ, പി.വി.
ജോർജ്, പി.വി.എസ്. മൂസ, ഷീജ ഫ്രാൻസിസ്, കൗൺസിലർമാരായ വി.യു.
ജോയ്, പി.കെ. ഹംസ, സജ്ന, ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ബിജു മന്ന, യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ ഗഫൂർ, വഴിയോര തട്ടുകട
തൊഴിലാളി ഫെഡറേഷൻ പ്രതിനിധികളായ വി.ഷറഫുദ്ദീൻ, കേളോത്ത് നവാസ്, ക്ലീൻ സിറ്റി മാനേജർ ഇൻ ചാർജ് എസ്. ഷൈജു എന്നിവർ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

