തിരുവല്ല: കുറ്റൂർ പഞ്ചായത്തിലെ ഇരുവെള്ളിപ്ര അടിപ്പാതയിൽ വെള്ളക്കെട്ട് മൂലമുള്ള അപകടങ്ങൾ ഒഴിവാക്കാൻ അത്യാധുനിക മുന്നറിയിപ്പ് സംവിധാനവുമായി റെയിൽവേ. തിരുവനന്തപുരം ഡിവിഷന്റെ കീഴിൽ ആദ്യമായാണ് ഇത്തരമൊരു സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്നത്.
ഇനിമുതൽ അടിപ്പാതയിൽ ജലനിരപ്പ് അപകടകരമായ നിലയിലെത്തിയാൽ ഓട്ടോമാറ്റിക് ശബ്ദസന്ദേശം വഴി യാത്രക്കാർക്ക് മുന്നറിയിപ്പ് ലഭിക്കും. “യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.
അടിപ്പാതയിൽ ജലനിരപ്പ് അധികമായതിനാൽ അപകട സാധ്യത.
വാഹനങ്ങൾ പ്രവേശിപ്പിക്കരുത്.” എന്ന സന്ദേശമായിരിക്കും മൈക്കിലൂടെ മുഴങ്ങുക. റെയിൽവേ ബോർഡിന്റെ നിർദേശപ്രകാരമാണ് സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.
ജലനിരപ്പ് ഒരു അടിക്ക് മുകളിലേക്ക് ഉയരുന്ന സാഹചര്യത്തിൽ പ്രവേശന കവാടത്തിൽ ചുവപ്പ് ലൈറ്റ് തെളിയും. ഇതിനായി പ്രത്യേക സെൻസറുകൾ കഴിഞ്ഞ ദിവസം സ്ഥാപിച്ചു.
സിസിടിവി ക്യാമറകൾ വഴിയുള്ള നിരീക്ഷണം കോട്ടയത്തെ കൺട്രോൾ റൂമിൽ നിന്നായിരിക്കും നിയന്ത്രിക്കുക. വെള്ളക്കെട്ട് രൂക്ഷമാകുന്നതോടെ ഗേറ്റുകൾ അടച്ച് ഗതാഗതം പൂർണമായി നിരോധിക്കാനും സംവിധാനമുണ്ട്.
സമാനമായ മാതൃകയിൽ സേലം ഡിവിഷനിലും റെയിൽവേ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ 2024-ൽ അടിപ്പാതയിൽ ആറടിയോളം വെള്ളം ഉയർന്നതിനെത്തുടർന്ന് ഒരു മാസത്തോളം ഗതാഗതം പൂർണമായും തടസ്സപ്പെട്ടിരുന്നു.
മുമ്പ് പമ്പിങ്, ഡ്രെയിനേജ് സംവിധാനം, മേൽക്കൂര നിർമാണം, പാത ഉയർത്തൽ തുടങ്ങിയ പല പരീക്ഷണങ്ങൾ നടത്തിയിട്ടും വെള്ളക്കെട്ടിന് പൂർണ പരിഹാരമായിരുന്നില്ല. ഇതിനാലാണ് ഇപ്പോൾ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളിലേക്ക് റെയിൽവേ തിരിഞ്ഞത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

