കോട്ടയം-എറണാകുളം പാതയിൽ ദിനംപ്രതി യാത്ര ചെയ്യുന്നവർ നേരിടുന്ന ദുരിതം അതിരൂക്ഷമാകുന്നു. രാവിലെയും വൈകുന്നേരവും ഓഫീസുകളിലേക്കും തിരിച്ചുമുള്ള സമയങ്ങളിൽ ട്രെയിനുകളിലെ അമിത തിരക്ക് യാത്രക്കാരെ നട്ടംതിരിക്കുകയാണ്.
എട്ട് കോച്ചുകൾ മാത്രമുള്ള മെമു സർവീസുകളിൽ സീറ്റ് ലഭിക്കുന്നത് പോയിട്ട്, വാതിലിൽ പോലും തൂങ്ങിനിൽക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. അറ്റകുറ്റപ്പണികളുടെ ഭാഗമായി പല ട്രെയിനുകളുടെയും കോച്ചുകളുടെ എണ്ണം വെട്ടിക്കുറച്ചത് പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്.
ഇതിനുപുറമെ, വേണാട് എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾ പതിവായി വൈകുന്നത് ജോലിക്ക് പോകുന്നവരെയും വിദ്യാർത്ഥികളെയും ഒരുപോലെ ബാധിക്കുന്നു. തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷന്റെ പ്രവർത്തനം ആരംഭിച്ചതും, ഇൻഫോപാർക്കിലേക്ക് ജോലിക്കായി പോകുന്നവരുടെ എണ്ണത്തിൽ ഉണ്ടായ വർധനയും ഈ റൂട്ടിലെ തിരക്കിന് ആക്കംകൂട്ടി.
ഈ സാഹചര്യത്തിൽ റെയിൽവേ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാണ്. കോട്ടയത്തുനിന്ന് രാവിലെ പുതിയൊരു മെമു സർവീസ് ആരംഭിക്കണമെന്നും, നിലവിലുള്ള മെമു ട്രെയിനുകളിൽ കൂടുതൽ കോച്ചുകൾ ഘടിപ്പിക്കണമെന്നും യാത്രക്കാരുടെ സംഘടനകൾ ആവശ്യപ്പെടുന്നു.
കൂടാതെ, ഗുരുവായൂർ-എറണാകുളം പാസഞ്ചർ ട്രെയിൻ കോട്ടയത്തേക്ക് ദീർഘിപ്പിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. കോട്ടയം റെയിൽവേ സ്റ്റേഷൻ അടുത്തിടെ നവീകരിച്ചിട്ടും പുതിയ സർവീസുകൾ അനുവദിക്കാത്തത് യാത്രക്കാർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
എറണാകുളത്ത് സർവീസ് അവസാനിപ്പിക്കുന്ന ട്രെയിനുകൾ കോട്ടയം വരെ നീട്ടാൻ അധികൃതർ തയ്യാറാകണം. ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കുന്നതിനായി വിഷയത്തിൽ ജനപ്രതിനിധികൾ അടിയന്തരമായി ഇടപെടണമെന്നും റെയിൽവേ യാത്രാ സംഘടനാ പ്രതിനിധികൾ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

