മലയിൻകീഴ് പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന യുവതിയുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് മാതാവ് രംഗത്ത്. ശ്രീകാര്യം കട്ടേല ശ്യാം നിവാസിൽ എസ്.കാവ്യയെ ഭർത്തൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് മാതാവ് ആർ.ശാന്ത പോലീസിൽ ഔദ്യോഗികമായി പരാതി നൽകി.
വിളവൂർക്കൽ തെങ്ങത്താംകോട് ശിവശൈലം വീട്ടിൽ വെച്ച്, കഴിഞ്ഞ ഞായർ രാത്രിയാണ് കാവ്യയെ ഭർത്താവ് വിഷ്ണുവിന്റെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 2018-ലാണ് ഇരുവരും പ്രണയിച്ച് വിവാഹിതരായത്.
വിവാഹശേഷം ഭർത്താവിന്റെ മാതാവ് കാവ്യയെ സ്ത്രീധനത്തിന്റെ പേരിലും ജാതി അധിക്ഷേപം നടത്തിയും നിരന്തരം പീഡിപ്പിച്ചിരുന്നതായി ആർ.ശാന്തയുടെ പരാതിയിൽ വ്യക്തമാക്കുന്നു. ഈ പീഡനങ്ങൾ സഹിക്കവയ്യാതെ ഒരു വർഷം മുൻപ് വിഷ്ണുവും കാവ്യയും മക്കളുമൊത്ത് നാട്ടിൽ നിന്നും മാറി താമസിച്ചിരുന്നുവെന്നും, പിന്നീട് പോലീസാണ് ഇവരെ കണ്ടെത്തിയതെന്നും മാതാവ് വെളിപ്പെടുത്തി.
ഭർതൃമാതാവ് മകളെ പട്ടിണിക്കിട്ടിരുന്നതായും ഭക്ഷണം പാകം ചെയ്യാൻ പോലും അനുവദിച്ചിരുന്നില്ലെന്നും മാതാവ് ആരോപിക്കുന്നു. ചിക്കൻ കറി കൂടുതൽ കഴിച്ചു എന്നാരോപിച്ച് അടുത്തിടെ മകളുമായി വീട്ടിൽ വലിയ തോതിൽ വഴക്കുണ്ടായതായി കാവ്യ തന്നെ അറിയിച്ചിരുന്നതായും അവർ കൂട്ടിച്ചേർത്തു.
രണ്ടുമാസം മുൻപാണ് കാവ്യ അവസാനമായി ശ്രീകാര്യത്തെ വീട്ടിൽ സന്ദർശിച്ചത്. സംഭവത്തിൽ കർശന നിയമനടപടി സ്വീകരിക്കണമെന്ന് കുടുംബം ആവശ്യപ്പെടുന്നു.
പോസ്റ്റ്മോർട്ടത്തിന് ശേഷം കാവ്യയുടെ മൃതദേഹം ശ്രീകാര്യത്തെ വീട്ടുവളപ്പിൽ സംസ്കരിച്ചു. സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ മക്കളെയും കൂട്ടി എത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഭർത്താവ് വിഷ്ണു തയ്യാറായില്ലെന്ന് കാവ്യയുടെ സഹോദരൻ ശ്യാംകുമാർ പറഞ്ഞു.
വിഷയത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകുമെന്നും കുടുംബം വ്യക്തമാക്കി. പരാതിയിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി മലയിൻകീഴ് പോലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

