സംസ്ഥാനത്ത് കാലവർഷക്കെടുതികളിലും മറ്റും നിരന്തരം ഉണ്ടാകുന്ന മണ്ണിടിച്ചിലുകൾക്കും ഉരുൾപൊട്ടലുകൾക്കും ശാശ്വതമായ പരിഹാരം ലക്ഷ്യമിട്ട് മലയാളി ഗവേഷകർ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയ്ക്ക് ഇന്ത്യൻ പേറ്റന്റ് ലഭിച്ചു. ചെരിവുകളിലും പാതയോരങ്ങളിലും മണ്ണ് ഇടിയുന്നത് തടയാൻ ശേഷിയുള്ള ‘മെംബ്രെയ്ൻ കൺഫൈൻഡ് പ്രഷർ ഗ്രൗട്ടഡ് സോയിൽ നെയ്ൽ’ എന്ന നൂതന സംവിധാനത്തിനാണ് അംഗീകാരം ലഭിച്ചത്.
പാലക്കാട് ഐഐടി സിവിൽ എൻജിനീയറിങ് വിഭാഗം മേധാവിയും അസോഷ്യേറ്റ് പ്രഫസറുമായ ഡോ. ടി.കെ.സുധീഷ്, കോതമംഗലം എം.എ കോളജ് ഓഫ് എൻജിനീയറിങ് സിവിൽ വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ.
ആൽഫ ലൂക്കോസ് എന്നിവർ ചേർന്നാണ് ഈ ഗവേഷണ നേട്ടം കൈവരിച്ചത്. നിലവിൽ മൺതിട്ടകളുടെ ബലപ്പെടുത്തലിനായി ഉപയോഗിക്കുന്ന ‘സോയിൽ നെയ്ലിങ്’ രീതിയിൽ ഇരുമ്പ് കമ്പികളിലൂടെ സിമന്റ് മിശ്രിതം (ഗ്രൗട്ട്) കടത്തിവിടുമ്പോൾ, മണ്ണിലെ വിടവുകളിലൂടെ ഇത് ചോർന്നുപോകുന്നത് വലിയ വെല്ലുവിളിയായിരുന്നു.
ഇതിന് പരിഹാരമെന്ന നിലയിലാണ് ഗവേഷകർ പ്രത്യേക തുണിത്തരങ്ങൾ കൊണ്ടുള്ള കവചം ഉപയോഗിച്ചത്. പോളിയസ്റ്റർ മെറ്റീരിയൽ ഉപയോഗിച്ച് നിർമ്മിച്ച ഈ കവചത്തിനുള്ളിലേക്ക് ഉയർന്ന സമ്മർദ്ദത്തിൽ സിമന്റ് മിശ്രിതം പമ്പ് ചെയ്യുമ്പോൾ, അത് പുറത്തേക്ക് ഒലിച്ചുപോകാതെ ബലൂൺ പോലെ വികസിക്കുന്നു.
ഇത്തരത്തിൽ മണ്ണിനടിയിൽ രൂപപ്പെടുന്ന കോൺക്രീറ്റ് കുമിളകൾ ചുറ്റുമുള്ള മണ്ണിലേക്ക് ശക്തമായ മർദ്ദം ചെലുത്തുകയും, അതുവഴി മണ്ണിന്റെ ഉറപ്പ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പ്രഷർ ഗേജുകൾ ഉപയോഗിച്ച് മർദ്ദം കൃത്യമായി നിരീക്ഷിക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കും.
മലയോര പാതകൾ, റെയിൽവേ ട്രാക്കുകൾ എന്നിവയുടെ സംരക്ഷണത്തിനായി ഏത് തരം മണ്ണിലും ഈ സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കാം. നിലവിലുള്ള മറ്റ് നിർമ്മാണ രീതികളെ അപേക്ഷിച്ച് നിർമ്മാണച്ചെലവ് വളരെ കുറവാണെന്നതും ഈ സാങ്കേതികവിദ്യയുടെ പ്രത്യേകതയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

