അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലക്കയറ്റം സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധികളെ അതിജീവിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവെച്ച നിർദേശങ്ങൾ നടപ്പിലായാൽ ഇന്ത്യയ്ക്ക് വൻ നേട്ടമുണ്ടാകുമെന്ന് ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ ബ്രിക്ക് വർക്ക് റേറ്റിങ്സിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ നിർദേശങ്ങൾ പ്രാവർത്തികമാക്കുന്നതിലൂടെ രാജ്യത്തിന് 3779 കോടി ഡോളർ (ഏകദേശം 3.6 ലക്ഷം കോടി രൂപ) ലാഭിക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.
യുഎസ്-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധന ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തെയും രൂപയുടെ വിനിമയ നിരക്കിനെയും ദോഷകരമായി ബാധിക്കുമെന്ന് ആശങ്കയുണ്ടായിരുന്നു. ഈ പ്രതിസന്ധിയെ നേരിടാനാണ് പ്രധാനമന്ത്രി ഏഴ് നിർദേശങ്ങൾ മുന്നോട്ടുവെച്ചത്:
* വർക്ക് ഫ്രം ഹോം പ്രോൽസാഹിപ്പിക്കുക
* ഇന്ധന ഉപയോഗം കുറയ്ക്കുക
* ഒരു വർഷത്തേക്ക് വിദേശ യാത്രകൾ കുറയ്ക്കുക
* സ്വദേശി ഉൽപന്നങ്ങൾ പ്രോൽസാഹിപ്പിക്കുക
* പാചകവാതക ഉപയോഗം കുറയ്ക്കുക
* ജൈവകൃഷിയിലേക്ക് മടങ്ങുക
* അനാവശ്യ സ്വർണം വാങ്ങൽ ഉപേക്ഷിക്കുക
ഈ നടപടികൾ വഴി ക്രൂഡ് ഓയിൽ വില 100 ഡോളറിന് മുകളിൽ ഉയരുന്ന സാഹചര്യത്തെ മറികടക്കാൻ ഇന്ത്യയ്ക്ക് കഴിയുമെന്നും, വിദേശനാണ്യ ശേഖരം 3779 കോടി ഡോളറിലേക്ക് ഉയർത്താൻ സാധിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഇതിലൂടെ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 95 രൂപയിൽ പിടിച്ചുനിർത്താനും പ്രാദേശിക വിപണിയെ കരുത്താർജ്ജിപ്പിക്കാനും സാധിക്കും. പ്രധാനമായും ക്രൂഡോയിൽ, സ്വർണം എന്നിവയുടെ ഇറക്കുമതി നിയന്ത്രിക്കുന്നതിലൂടെയാണ് വലിയ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കുന്നത്.
ക്രൂഡോയിൽ ഇറക്കുമതി കുറയ്ക്കുന്നതിലൂടെ 1340 കോടി ഡോളറും, സ്വർണ ഇറക്കുമതിയിലൂടെ 720 കോടി ഡോളറുമാണ് രാജ്യത്തിന് ലാഭിക്കാൻ സാധിക്കുക. വർക്ക് ഫ്രം ഹോം രീതി നടപ്പിലാക്കുന്നതും പൊതുഗതാഗത സൗകര്യങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഉപയോഗപ്പെടുത്തുന്നതും ഇന്ധന ഉപഭോഗം കുറയ്ക്കാൻ സഹായിക്കും.
അതേസമയം, ഈ നിർദേശങ്ങൾക്ക് ചില വെല്ലുവിളികളും ഉണ്ടെന്ന് റിപ്പോർട്ടിൽ മുന്നറിയിപ്പുണ്ട്. വിദേശയാത്രകൾ കുറയ്ക്കുന്നത് ടൂറിസം, വ്യോമയാന മേഖലയെയും, സ്വർണ ഉപഭോഗം നിയന്ത്രിക്കുന്നത് ജ്വല്ലറി മേഖലയിലെ തൊഴിലവസരങ്ങളെയും ബാധിച്ചേക്കാം.
ഇന്ധന ഉപയോഗം കുറയ്ക്കുന്നത് ഗ്രാമീണ മേഖലയിലും പ്രതിസന്ധികൾ സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാനും ആഭ്യന്തര ഉൽപാദനം വർധിപ്പിക്കാനും ഈ തീരുമാനങ്ങൾ വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

