റായ്പൂരില്‍ നടന്ന ഐപിഎല്‍ പോരാട്ടത്തിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ ഡക്കായി മടങ്ങിയ വിരാട് കോലി, തകര്‍പ്പന്‍ സെഞ്ചുറിയുമായി ഫോമിലേക്ക് മടങ്ങിയെത്തിയതോടെ ആര്‍സിബി വിജയം സ്വന്തമാക്കുകയായിരുന്നു.
16 പോയിന്റുകളുമായി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ച ആര്‍സിബി പ്ലേ ഓഫ് പ്രവേശനത്തിന് തൊട്ടരികിലാണ്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് നേടിയത്.
മറുപടി ബാറ്റിംഗില്‍ ആര്‍സിബി 19.1 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 60 പന്തില്‍ നിന്ന് 11 ഫോറും മൂന്ന് സിക്സും സഹിതം 105 റണ്‍സുമായി പുറത്താകാതെ നിന്ന വിരാട് കോലിയാണ് വിജയശില്പി.
ഐപിഎല്ലില്‍ കോലിയുടെ ഒമ്പതാമത്തെ സെഞ്ചുറിയാണിത്. 58 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ താരം, 10 ഫോറും മൂന്ന് സിക്സും പറത്തിയിരുന്നു.
തുടക്കത്തില്‍ വിരാട് കോലിയും ജേക്കബ് ബെഥേലും ചേര്‍ന്ന് ആര്‍സിബിക്ക് ഭേദപ്പെട്ട തുടക്കം നല്കി.
3.2 ഓവറില്‍ 37 റണ്‍സാണ് ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും നേടിയത്. 12 പന്തില്‍ 15 റണ്‍സെടുത്ത ബെഥേലിനെ കാര്‍ത്തിക് ത്യാഗിയാണ് പുറത്താക്കിയത്.
തുടര്‍ന്ന് ദേവ്ദത്ത് പടിക്കലും കോലിയും ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിച്ചു. 21 റണ്‍സില്‍ നില്‍ക്കെ കോലി നല്കിയ ക്യാച്ച് റൊവ്മാന്‍ പവല്‍ കൈവിട്ടത് മത്സരത്തില്‍ നിര്‍ണ്ണായകമായി.
പവര്‍ പ്ലേയില്‍ ആര്‍സിബി ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 66 റണ്‍സ് നേടിയിരുന്നു. 32 പന്തില്‍ കോലി അര്‍ധസെഞ്ചുറി തികച്ചു.
പതിനാലാം ഓവറില്‍ ദേവ്ദത്ത് പടിക്കലിനെ (39) രഹാനെയുടെ കൈകളിലെത്തിച്ച് കാര്‍ത്തിക് ത്യാഗി വീണ്ടും കൊല്‍ക്കത്തയ്ക്ക് പ്രതീക്ഷ നല്കി. പിന്നാലെ രജത് പാട്ടീദാറിനെ സുനില്‍ നരെയ്നും പുറത്താക്കി.
അവസാന നാലോവറില്‍ 36 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ആര്‍സിബിയെ, കോലി തന്റെ മികച്ച പ്രകടനത്തിലൂടെ ലക്ഷ്യത്തിലെത്തിച്ചു. ടിം ഡേവിഡ് (2) മടങ്ങിയെങ്കിലും ജിതേഷ് ശര്‍മയെ (8*) കൂട്ടുപിടിച്ച് കോലി മത്സരം ഫിനിഷ് ചെയ്തു.
നേരത്തെ, കൊല്‍ക്കത്തയ്ക്കായി അംഗ്രിഷ് രഘുവംശി (46 പന്തില്‍ 71), റിങ്കു സിംഗ് (29 പന്തില്‍ 49) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. കാമറൂണ്‍ ഗ്രീന്‍ 32 റണ്‍സും നേടി.
ഈ തോല്‍വിയോടെ എട്ടാം സ്ഥാനത്തുള്ള കൊല്‍ക്കത്തയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ മങ്ങിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

