നീണ്ട പത്തു ദിവസത്തെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കും വിരാമമിട്ട്, കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടാകും.
ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ വെച്ച് ഹൈക്കമാൻഡ് നിർദ്ദേശിക്കുന്ന നേതാവിന്റെ പേര് പ്രഖ്യാപിക്കാനാണ് തീരുമാനം. കെപിസിസി ആസ്ഥാനമായ ഇന്ദിര ഭവനിലായിരിക്കും നിർണ്ണായകമായ യോഗം നടക്കുക.
വടക്കൻ ജില്ലകളിൽ നിന്നുള്ള എംഎൽഎമാർക്ക് തിരുവനന്തപുരത്ത് എത്താനുള്ള സാവകാശം പരിഗണിച്ച്, യോഗം ഉച്ചയ്ക്ക് ഒരു മണിയോടെ ആരംഭിക്കാനാണ് സാധ്യത. എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുടെ തീരുമാനം മുദ്രവെച്ച കവറിൽ ദീപ ദാസ്മുൻഷിക്ക് കൈമാറുകയും, തുടർന്ന് അത് യോഗത്തിൽ അവതരിപ്പിക്കുകയുമായിരിക്കും ചെയ്യുക.
മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ പൂർത്തിയായെന്നും പ്രഖ്യാപനം ഉണ്ടാകുമെന്നും നേരത്തെ എഐസിസി മാധ്യമവിഭാഗം ജനറൽ സെക്രട്ടറി ജയറാം രമേശ് വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന പ്രധാന നേതാക്കളെ ഉൾക്കൊണ്ടുള്ള സമവായ ഫോർമുലയാകും ഹൈക്കമാൻഡ് മുന്നോട്ടുവെക്കുക എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
കെ സി വേണുഗോപാൽ, വിഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് പ്രധാനമായും ചർച്ചകളിലുള്ളത്. നിയമസഭാകക്ഷി യോഗത്തിന് ശേഷം യുഡിഎഫ് കക്ഷി നേതാക്കൾക്കൊപ്പം ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിനായുള്ള അവകാശവാദം ഉന്നയിക്കും.
ശനിയാഴ്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുമെന്നാണ് ലഭ്യമായ വിവരം. ഇതിന്റെ ഭാഗമായി എല്ലാ എംഎൽഎമാരോടും ഘടകകക്ഷി നേതാക്കളോടും അടിയന്തരമായി തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദ്ദേശം നൽകിയിട്ടുണ്ട്.
കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫ് ഇന്ന് രാവിലെ തന്നെ തലസ്ഥാനത്ത് എത്തും.
കേരള കോൺഗ്രസ് എംഎൽഎമാരുടെ യോഗം നാളെ തിരുവനന്തപുരത്ത് ചേരും. അതേസമയം, മന്ത്രിമാരെ നിശ്ചയിക്കുന്നതിനായി ലീഗ് നേതൃത്വം ഇന്ന് പാണക്കാട് സാദിഖലി തങ്ങളുടെ വസതിയിൽ യോഗം ചേരും.
മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷമായിരിക്കും ഈ ചർച്ചകൾ നടക്കുക. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് പത്താം നാളിലേക്ക് കടക്കുമ്പോഴും മുഖ്യമന്ത്രിയെ തീരുമാനിക്കാത്തതിൽ സംസ്ഥാന വ്യാപകമായി ജനങ്ങളിൽ നിന്നും അണികളിൽ നിന്നും പ്രതിഷേധം ഉയർന്നിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

