രാജ്യത്ത് ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട് എത്തിയ ഇറാനിയൻ റെവല്യൂഷണറി ഗാർഡ്സ് (IRGC) ബന്ധമുള്ള നാല് പേരെ കുവൈത്ത് അധികൃതർ പിടികൂടിയതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തർക്കം രൂക്ഷമാകുന്നു. പിടിയിലായവരെ ഉടൻ വിട്ടയക്കണമെന്നും, അല്ലാത്തപക്ഷം ശക്തമായി പ്രതികരിക്കുമെന്നും ഇറാൻ ഭരണകൂടം മുന്നറിയിപ്പ് നൽകി.
മെയ് ഒന്നിന് കുവൈത്തിന്റെ ഏറ്റവും വലിയ ദ്വീപായ ബുബിയാൻ ദ്വീപിലാണ് സംഭവം നടന്നത്. മത്സ്യബന്ധന ബോട്ടിലെത്തിയ ആറംഗ സംഘം കുവൈത്ത് സേനയുമായി ഏറ്റുമുട്ടുകയായിരുന്നു.
ഇതിനിടെ സംഘത്തിലെ രണ്ടുപേർ രക്ഷപ്പെട്ടതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. രാജ്യത്ത് അട്ടിമറി ലക്ഷ്യമിട്ടാണ് സംഘം എത്തിയതെന്ന് മന്ത്രാലയം വ്യക്തമാക്കി.
തുടക്കത്തിൽ നാവിഗേഷൻ തകരാറിനെ തുടർന്ന് വഴിതെറ്റി എത്തിയതാണെന്ന വിശദീകരണമാണ് ഇറാൻ നൽകിയത്. എന്നാൽ, പിന്നീട് നിലപാട് കടുപ്പിച്ച ഇറാൻ വിദേശകാര്യ മന്ത്രി, പിടിയിലായവരെ വിട്ടയക്കണമെന്നും തിരിച്ചടിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്നും ഭീഷണി മുഴക്കി.
അമേരിക്കൻ സൈന്യം ഉപയോഗിക്കുന്ന ദ്വീപിലാണ് സംഭവം നടന്നതെന്ന് ഇറാൻ ആരോപിച്ചത് വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിച്ചിരിക്കുകയാണ്. കുവൈത്തിന്റെ സുരക്ഷാ നടപടികൾക്ക് സൗദി അറേബ്യയുൾപ്പെടെയുള്ള അയൽരാജ്യങ്ങൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

