തിരുവനന്തപുരം കോർപറേഷനിൽ രാഷ്ട്രീയ രംഗത്ത് വലിയ ചർച്ചയായ സംഭവവികാസങ്ങളിൽ നിർണായക വഴിതിരിവ്. കൗൺസിലർ സ്ഥാനം രാജിവെക്കുമെന്ന് പ്രഖ്യാപിച്ച മുൻ ഡി.ജി.പി ആർ ശ്രീലേഖ തന്റെ രാജി സന്ദേശം വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും പിൻവലിച്ചു.
ശാസ്തമംഗലം വാർഡ് ഗ്രൂപ്പിൽ പങ്കുവെച്ച സന്ദേശമാണ് പിന്നീട് നീക്കം ചെയ്തത്. പാർട്ടി നേതൃത്വം നടത്തിയ അനുനയ നീചങ്ങളെ തുടർന്നാണ് ഈ പിന്മാറ്റമെന്നാണ് ലഭിക്കുന്ന സൂചനകൾ.
ബിജെപി നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്നതായിരുന്നു മുൻപ് ആർ ശ്രീലേഖയുടെ രാജി പ്രഖ്യാപനം. കോർപ്പറേഷൻ ഭരണത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ പോന്ന ഈ നീക്കം ഒടുവിൽ ബിജെപി ഉന്നത നേതാക്കൾ ഇടപെട്ടാണ് പരിഹരിച്ചത്.
ആർ ശ്രീലേഖയുടെ ഭാഗത്തുനിന്നുമുണ്ടായ സമ്മർദ്ദ തന്ത്രത്തിന് നേതൃത്വം വഴങ്ങിയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. രാജി തീരുമാനത്തിൽ നിന്ന് അവർ പിന്മാറിയതോടെ, രാജിക്കത്ത് ലഭിച്ചതായി മുൻപ് ഉറപ്പിച്ചു പറഞ്ഞ മേയർ വി വി രാജേഷ് പിന്നീട് നിലപാട് തിരുത്തി.
സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ജനറൽ സെക്രട്ടറി എസ് സുരേഷും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആർ ശ്രീലേഖയുടെ ചിത്രം സഹിതം ഫേസ്ബുക്കിലൂടെ ഔദ്യോഗിക പ്രതികരണവുമായി രംഗത്തെത്തി. ശാരീരികാസ്വസ്ഥതകൾ കാരണം കൗൺസിലർ പദവിയിലെ ചുമതലകൾ കൃത്യമായി നിർവഹിക്കാൻ കഴിയുന്നില്ല എന്ന മാനസിക ബുദ്ധിമുട്ടാണ് അവർ പങ്കുവെച്ചതെന്നും, അത് നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും എസ് സുരേഷ് വ്യക്തമാക്കി.
എന്നാൽ, ആർ ശ്രീലേഖയുടെ ഈ നീക്കം ഒരു രാഷ്ട്രീയ നാടകം മാത്രമാണെന്ന വിമർശനവുമായി കോൺഗ്രസ്, സിപിഐഎം നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

