ഡൽഹിയില് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധത്തിനിടയിൽ സംഘർഷമുണ്ടായി. സമരത്തിനിടെ ഒരു ബസ് തകർക്കപ്പെടുകയുണ്ടായി.
കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരെ പൊലീസ് മോചിപ്പിച്ചെങ്കിലും അവർ സംഭവസ്ഥലത്തു നിന്നും പിരിഞ്ഞുപോകാൻ തയ്യാറായില്ല. നിലവിൽ കൂടുതൽ പ്രക്ഷോഭകരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള നടപടികളിലാണ് സുരക്ഷാ ഉദ്യോഗസ്ഥർ.
പ്രതിഷേധത്തിനിടയിൽ എഐഎസ്എ നേതാവ് നേഹ ബോറയെ പൊലീസ് നിയമവിരുദ്ധമായി കസ്റ്റഡിയിൽ എടുത്തിരുന്നു. സംഭവത്തിൽ സംഘടന പൊലീസിൽ ഔദ്യോഗികമായി പരാതി നൽകി.
ശക്തമായ പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് പിന്നീട് നേഹ ബോറയെ വിട്ടയച്ചെങ്കിലും, കസ്റ്റഡി കാലയളവിൽ അവരുടെ ഫോണും ബാഗും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് സംഘടന അറിയിച്ചു. രാജ്യതലസ്ഥാനത്ത് വിവിധ രാഷ്ട്രീയ പാർട്ടികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിലാണ് രാജി ആവശ്യം ഉന്നയിച്ചുള്ള പ്രക്ഷോഭങ്ങൾ നടക്കുന്നത്.
ആം ആദ്മി പാർട്ടി പ്രവർത്തകർ സംഘടിതരായി ഇന്ത്യ ഗേറ്റിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകരെ നാല് ബസുകളിലായി കസ്റ്റഡിയിലെടുത്ത് നീക്കുകയുണ്ടായി.
ഇതിനുപുറമെ, ഇന്ത്യ ഗേറ്റിൽ നിന്ന് ജന്തർ മന്ദറിലേക്ക് എഐഎസ്എഫ് വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിലും പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചു. സമരക്കാർ എത്രയും പെട്ടെന്ന് സ്ഥലം വിട്ടുപോകണമെന്ന് പൊലീസ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
നിലവിൽ ഇന്ത്യ ഗേറ്റിന് മുന്നിൽ അതീവ ജാഗ്രതയോടെ വൻ പോലീസ് സന്നാഹത്തെയാണ് വിന്യേിച്ചിരിക്കുന്നത്. രാജി ആവശ്യപ്പെട്ട് മുൻപ് നടന്ന പ്രക്ഷോഭങ്ങളുടെ അടിസ്ഥാനത്തിൽ ഡൽഹി പൊലീസ് ഇതിനോടകം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന വ്യക്തികൾക്കെതിരെയാണ് നടപടി സ്വീകരിച്ചിട്ടുള്ളത്. പാർലമെന്റ് സ്ട്രീറ്റ് സ്റ്റേഷനിൽ രണ്ട് കേസുകളും കൊണാട്ട് പ്ലേസ് സ്റ്റേഷനിൽ ഒരു കേസുമടക്കം ആകെ മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഔദ്യോഗിക ഉത്തരവുകൾ ലംഘിക്കൽ, പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. എഫ്ഐആറിൽ പ്രത്യേക വ്യക്തികളെയോ സംഘടനകളെയോ പ്രതികളായി ചേർത്തിട്ടില്ലെങ്കിലും, പ്രക്ഷോഭം സംഘടിപ്പിച്ചവരുടെയും വിവിധ സംഘടനകളുടെയും വിശദാംശങ്ങൾ എഫ്ഐആറിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
അതേസമയം, പ്രക്ഷോഭത്തിൽ പങ്കെടുത്ത വനിതാ പ്രവർത്തകർക്ക് നേരെ പുരുഷ പൊലീസ് ഉദ്യോഗസ്ഥർ അപമര്യാദയായി പെരുമാറിയെന്ന ഗുരുതര ആരോപണവുമായി സിജെപിയും ഐസയും രംഗത്തെത്തിയിട്ടുണ്ട്. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉടൻ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് അവർ അറിയിച്ചു.
ഇതിന്റെ ഭാഗമായി മുൻകരുതൽ നടപടിയായി സ്റ്റേഷന് മുന്നിൽ സുരക്ഷ ശക്തമാക്കുകയും വലിയ ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

