ടാറ്റാ ഗ്രൂപ്പിന്റെ മാതൃ കമ്പനിയായ ടാറ്റാ സൺസ് സമർപ്പിച്ച നിർണായക അപേക്ഷ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തള്ളിക്കളഞ്ഞു. തങ്ങളുടെ നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനി (എൻ.ബി.എഫ്.സി) രജിസ്ട്രേഷൻ സ്വമേധയാ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് കമ്പനി നൽകിയ അപേക്ഷയാണ് ആർ.ബി.ഐ നിരസിച്ചത്.
ആർ.ബി.ഐയുടെ ഈ തീരുമാനത്തോടെ ടാറ്റാ സൺസിന് ഓഹരി വിപണിയിൽ നിർബന്ധമായും ലിസ്റ്റ് ചെയ്യേണ്ടി വരും. വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടുന്നതോടെ കമ്പനി ഒരു പബ്ലിക് കമ്പനിയായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
2022 സെപ്റ്റംബറിലാണ് ടാറ്റാ സൺസിനെ ‘അപ്പർ ലെയർ’ എൻ.ബി.എഫ്.സികളുടെ പട്ടികയിൽ ആർ.ബി.ഐ ഉൾപ്പെടുത്തിയത്. നിലവിലുള്ള ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ ഇത്തരം വിഭാഗത്തിൽപ്പെടുന്ന കമ്പനികൾ മൂന്ന് വർഷത്തിനുള്ളിൽ ഓഹരി വിപണിയിൽ പ്രവേശിക്കണമെന്നാണ് കർശന നിയമം.
ഈ നടപടി ഒഴിവാക്കുന്നതിന്റെ ഭാഗമായി 2024 മാർച്ച് മാസത്തിൽ ടാറ്റാ സൺസ് 21,800 കോടിയിലധികം രൂപയുടെ കടബാധ്യതകൾ പൂർണ്ണമായി തീർക്കുകയും തുടർന്ന് എൻബിഎഫ്സി ലൈസൻസ് തിരികെ നൽകാൻ ഔദ്യോഗികമായി അപേക്ഷിക്കുകയുമായിരുന്നു. എന്നാൽ ഈ അപേക്ഷ റിസർവ് ബാങ്ക് തള്ളിക്കളഞ്ഞ സാഹചര്യത്തിൽ, അപ്പർ ലെയർ എൻ.ബി.എഫ്.സികൾ പാലിക്കേണ്ട
കർശനമായ ബാങ്കിംഗ് നിയന്ത്രണങ്ങളും കൃത്യമായ റിപ്പോർട്ടിംഗ് രീതികളും ടാറ്റാ സൺസിന് ഇനിയും തുടരേണ്ടി വരും. ഇന്ത്യയിലെ പ്രമുഖ കോർപ്പറേറ്റ് മാതൃ സ്ഥാപനങ്ങളിലൊന്നായ ടാറ്റാ സൺസ് ഓഹരി വിപണിയിലേക്ക് പ്രവേശിക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക മേഖലയിലും ഓഹരി വിപണിയിലും വലിയതോതിലുള്ള ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

