എറണാകുളം ജില്ലയിലെ കാക്കനാട് കിൻഫ്ര പാർക്കിൽ കൂടിളകിയെത്തിയ കടന്നൽ കൂട്ടത്തിന്റെ ആക്രമണത്തിൽ സെക്യൂരിറ്റി ജീവനക്കാരൻ ഉൾപ്പെടെ നിരവധി പേർക്ക് പരുക്കേറ്റു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
ഗുരുതരമായി പരുക്കേറ്റ കിൻഫ്ര പാർക്ക് കവാടത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ കോലഞ്ചേരി പനച്ചിയിൽ ടി.മനോജിനെ (50) തൃക്കാക്കര മുനിസിപ്പൽ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന് പുറമെ ടെക്കികളും ഇതര സംസ്ഥാന തൊഴിലാളികളും ഉൾപ്പെടെ ആറുപേർക്ക് കൂടി കടന്നൽ ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്.
കിൻഫ്ര പാർക്കിനു സമീപത്തെ അക്കേഷ്യ മരക്കൂട്ടത്തിൽ ഉണ്ടായിരുന്ന കടന്നൽ കൂടാണ് ഇളകിയത്. തുടർന്ന് കൂട്ടത്തോടെയെത്തിയ കടന്നലുകൾ വിവിധ ഭാഗങ്ങളിലേക്ക് പറക്കുകയായിരുന്നു.
കവാടത്തിനു സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന ടി.മനോജിന്റെ മുഖത്തും ചെവികളിലും കൈകളിലുമായി മുപ്പതോളം തവണ കടന്നൽ കുത്തി. രക്ഷപ്പെടാൻ ഓടിയ മനോജിനെ കടന്നലുകൾ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു.
തുടർന്ന് സമീപത്തെ പൊലീസ് സ്റ്റേഷനിൽ ഓടിക്കയറിയാണ് അദ്ദേഹം രക്ഷപ്പെട്ടത്. ഉടൻ തന്നെ പൊലീസിന്റെ ഔദ്യോഗിക വാഹനത്തിൽ മനോജിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ധരിച്ചിരുന്ന കട്ടിയുള്ള കാക്കി യൂണിഫോമും തൊപ്പിയുമാണ് മനോജിന് ശരീരത്തിന്റെ മറ്റുഭാഗങ്ങളിൽ ഗുരുതര പരുക്കുകൾ ഏൽക്കാതെ തുണയായത്. ഇതിനിടെ എതിർ ദിശയിലേക്ക് പറന്ന കടന്നൽ കൂട്ടം ഇൻഫോപാർക്ക് റോഡിലുമെത്തി.
ഇതുവഴി ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇൻഫോപാർക്ക് ജീവനക്കാരും അമ്പലമുകളിൽ വാടകയ്ക്ക് താമസിക്കുന്നവരുമായ മുഹമ്മദ് സാദിഖ്, വിനോദ്കുമാർ എന്നിവർക്കും കടന്നലുകളുടെ കുത്തേറ്റു. കൂടാതെ റോഡിൽ നിർമാണ ജോലിയിൽ ഏർപ്പെട്ടിരുന്ന നാല് അതിഥി തൊഴിലാളികളെയും കടന്നലുകൾ ആക്രമിച്ചു.
ഇവർക്ക് പ്രാഥമിക ശുശ്രൂഷ നൽകി. കിൻഫ്രയുടെയും ഇൻഫോപാർക്കിന്റെയും പരിസരങ്ങളിൽ കാടു വളർന്നു നിൽക്കുന്നത് ഇത്തരം കടന്നൽ കൂടുകളും ഇഴജന്തുക്കളും പെരുകാൻ കാരണമാകുന്നുണ്ടെന്ന് ആക്ഷേപമുണ്ട്.
ഇൻഫോപാർക്ക് ക്യാംപസിനകത്തും സമുച്ചയങ്ങളിലും പാമ്പുകളെയും മരപ്പട്ടികളെയും ഇതിനുമുൻപും പലതവണ കണ്ടിട്ടുണ്ട്. രാവും പകലുമാി നിരവധി പേർ ജോലി ചെയ്യുന്ന ഈ മേഖലയിൽ ചില ഭാഗങ്ങളിൽ ആവശ്യത്തിന് വഴിവിളക്കുകൾ ഇല്ലാത്തതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

