കൊൽക്കത്തയിലെ നീൽരതൻ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശുചിമുറിയിൽ നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി. ഗൈനക്കോളജി വിഭാഗത്തിൽ സേവനം അനുഷ്ഠിച്ചിരുന്ന രൂപാലി ബർമൻ (30) ആണ് ദാരുണമായി മരണപ്പെട്ടത്.
ആശുപത്രി കെട്ടിടത്തിലെ ശുചിമുറിയുടെ വാതിൽ ഏറെ നേരം തുറക്കാതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകർ വന്ന് അന്വേഷിക്കുകയും, വിവരങ്ങൾ ലഭിക്കാത്തതിനാൽ പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ്, പൂട്ടിയിട്ടിരുന്ന വാതിൽ തകർത്താണ് അകത്തു കയറി മൃതദേഹം പുറത്തെടുത്തത്.
തുടർനടപടികളുടെ ഭാഗമായി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്. എന്നാൽ മരണത്തിനുള്ള കൃത്യമായ കാരണം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
സംഭവസ്ഥലത്ത് ഫോറൻസിക് സംഘം എത്തി പരിശോധനകൾ പൂർത്തിയാക്കി. കൂടാതെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും അധികൃതർ പരിശോധിച്ചു വരുന്നുണ്ട്.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ആരോഗ്യ വകുപ്പ് പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. രൂപീകരിച്ച പ്രത്യേക അന്വേഷണ സമിതി ഏഴ് ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കർശന നിർദ്ദേശം നൽകിയിരിക്കുന്നത്.
പൊലീസ് ഇതിനോടകം തന്നെ ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

