ഡൽഹിയിലെ യുഎസ് എംബസിക്ക് മുന്നിൽ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ മിന്നൽ സമരം നടന്നു. വിവാദ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ്റെ ഫയലുകൾ ഉപയോഗിച്ച് അമേരിക്ക ഇന്ത്യയെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.
ഇന്ത്യ – യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് ഈ ഗുരുതര ആക്ഷേപം ഉയർന്നിരിക്കുന്നത്.
കരാറിൽ യുഎസിന് അനുകൂലമായ വ്യവസ്ഥകൾ അംഗീകരിക്കാൻ അമേരിക്ക സമ്മർദ്ദം ചെലുത്തുന്നുവെന്ന് വ്യക്തമാക്കിയാണ് പ്രവർത്തകർ എംബസിക്ക് മുന്നിൽ പ്രതിഷേധവുമായെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും തെറ്റുകളുടെ പേരിൽ ഇന്ത്യയെ ബ്ലാക്ക്മെയിൽ ചെയ്യാൻ അനുവദിക്കില്ലെന്നും യൂത്ത് കോൺഗ്രസ് വ്യക്തമാക്കി.
കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയും ജെഫ്രി എപ്സ്റ്റീനുമൊത്തുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷ നിരയിൽ നിന്ന് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസിന്റെ സമരപ്രഖ്യാപനം.
നിലവിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യയിലാണുള്ളത്. ഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമ ഘട്ടത്തിലാണെന്നും, ക്ഷീരോൽപ്പന്നങ്ങൾ അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത് സംബന്ധിച്ച അന്തിമ ചർച്ചകളാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതിനിടെ, ഇന്ത്യയുമായി വ്യാപാര കരാർ ഒപ്പിട്ടാൽ അതിശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്ന് അഖിലേന്ത്യ കിസാൻ സഭയും (AIKS) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ കരാർ ജനദ്രോഹപരവും രാജ്യവിരുദ്ധവുമാണെന്ന് ആരോപിച്ച എഐകെഎസ്, അമേരിക്കയിൽ വൻതോതിൽ സബ്സിഡി ലഭിക്കുന്ന കാർഷിക വ്യവസായികളോട് നേരിട്ട് മത്സരിക്കാൻ ഇന്ത്യയിലെ സാധാരണക്കാരായ കർഷകർക്ക് സാധിക്കില്ലെന്നും ചൂണ്ടിക്കാണിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

