ടി20 ലോകകപ്പ് വിജയത്തിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീം നേരിടുന്ന തുടർച്ചയായ പരാജയങ്ങൾ കടുത്ത ചർച്ചകൾക്ക് വഴിയൊരുക്കുന്നു. ഇംഗ്ലണ്ടിനും അയ്യർലൻഡിനുമെതിരായ പരമ്പരകളിലെ തോൽവിക്ക് പിന്നാലെ, ടീം സെലക്ഷനിലെയും കോച്ചിംഗിലെയും അപാകതകൾ ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ താരം ഹനുമ വിഹാരി രംഗത്തെത്തി.
പരിശീലകൻ ഗൗതം ഗംഭീറിന്റെയും ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെയും തീരുമാനങ്ങൾക്കെതിരെയാണ് അദ്ദേഹം രൂക്ഷവിമർശനം ഉന്നയിച്ചിരിക്കുന്നത്. ടീമിലെ ഓപ്പണിംഗ് സ്ഥാനത്ത് വരുത്തുന്ന നിരന്തരമായ മാറ്റങ്ങളെ ‘മ്യൂസിക്കൽ ചെയർ’ എന്നാണ് വിഹാരി വിശേഷിപ്പിച്ചത്.
ഇത് താരങ്ങളുടെ ആത്മവിശ്വാസത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സഞ്ജു സാംസണിനെ തുടർച്ചയായി കളിപ്പിക്കുന്നതിന് പകരം പരീക്ഷിച്ച വൈഭവ് സൂര്യവംശിക്ക് തിളങ്ങാൻ സാധിക്കാത്ത സാഹചര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു താരത്തിന് കുറഞ്ഞത് അഞ്ച്-ആറ് മത്സരങ്ങളിലെങ്കിലും അവസരം നൽകിയ ശേഷം മാത്രം വിലയിരുത്തൽ നടത്തണമെന്നും അല്ലാത്തപക്ഷം കളിക്കാരിലെ അരക്ഷിതാവസ്ഥ വർധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചില താരങ്ങളോട് പരിശീലകൻ പ്രത്യേക താൽപര്യം കാണിക്കുന്നുണ്ടെന്ന ഗൗരവകരമായ ആരോപണവും വിഹാരി ഉന്നയിച്ചു.
“ദുബെ പന്തെറിയുന്നില്ല, ഫീൽഡിംഗിലും ബാറ്റിംഗിലും ഫോമിലല്ല. സുന്ദറിന്റെ കഴിഞ്ഞ കാലങ്ങളിലെ പ്രകടനങ്ങളും മികച്ചതല്ല.
പിന്നെ എന്തിനാണ് ഇവർ ടീമിൽ തുടരുന്നത്?” എന്ന് അദ്ദേഹം ചോദിച്ചു. ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ എന്നിവരുടെ ഫോമില്ലായ്മയെയും ടീമിലെ നിലനിൽപ്പിനെയും അദ്ദേഹം ചോദ്യം ചെയ്തു.
സ്പിൻ ബൗളിംഗ് തിരഞ്ഞെടുപ്പിലും വലിയ പിഴവുകൾ സംഭവിച്ചതായി വിഹാരി കുറ്റപ്പെടുത്തി. വരുൺ ചക്രവർത്തിയും അക്സർ പട്ടേലും നിറംമങ്ങിയപ്പോൾ എന്തുകൊണ്ട് രവി ബിഷ്നോയിയെ പരിഗണിച്ചില്ല എന്ന ചോദ്യവും അദ്ദേഹം ഉയർത്തി.
കളിക്കാർക്ക് ടീമിൽ സുരക്ഷിതത്വമില്ലാത്ത അവസ്ഥയുണ്ടെന്നും, മോശം പ്രകടനമുണ്ടായാൽ ഉടൻ പുറത്താക്കപ്പെടുമെന്ന ഭയം അവരുടെ പ്രകടനത്തെ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർച്ചയായ തോൽവികളും ടീമിനുള്ളിലെ അനിശ്ചിതത്വവും നിലവിലെ മാനേജ്മെന്റിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
വരും മത്സരങ്ങളിലെങ്കിലും സ്ഥിരതയുള്ള ഒരു ടീമിനെ കണ്ടെത്താൻ ഇന്ത്യയ്ക്ക് സാധിക്കുമോ എന്നതാണ് ക്രിക്കറ്റ് ആരാധകർ ഉറ്റുനോക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

