അന്താരാഷ്ട്ര തലത്തിലുള്ള സമാധാന ശ്രമങ്ങൾ സ്തംഭിച്ചുനിൽക്കുന്ന സാഹചര്യത്തിൽ, അമേരിക്കയുമായി തുടർചർച്ചകൾ നടത്തുന്നതിൽ യാതൊരുവിധ അർഥവുമില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. നയതന്ത്ര ചർച്ചകൾക്ക് പിന്നാലെ രാജ്യം വീണ്ടും ആക്രമണങ്ങൾക്ക് ഇരയാവുകയാണുണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർനയാണ് ഈ നിർണായക പ്രസ്താവന പുറത്തുവിട്ടത്. ‘‘ഇതുവരെയുള്ള ചർച്ചകൾക്ക് ശേഷം മൂന്ന് തവണയാണ് അവർ ഞങ്ങളെ ആക്രമിച്ചത്.
അവർ ചർച്ചയല്ല ആഗ്രഹിക്കുന്നത്, മറിച്ച് ഇറാന്റെ പതനമാണ് അവരുടെ ലക്ഷ്യം എന്നാണ് ഇത് വ്യക്തമാക്കുന്നത്. എല്ലാ ദിവസവും കൊലപാതകങ്ങളും ഉപരോധങ്ങളും ഭീഷണികളും മാത്രം ഉയർത്തുകയും, നൽകിയ വാഗ്ദാനങ്ങൾ ലംഘിക്കുകയും ചെയ്യുന്ന ശത്രുവുമായി ചർച്ചകൾ നടത്തുന്നതിൽ ഒരു അർഥവുമില്ല’’ – മസൂദ് പെസെഷ്കിയാൻ തുറന്നടിച്ചു.
അതേസമയം, അമേരിക്ക നടത്തുന്ന ശത്രുത സൈനിക മാർഗങ്ങളിലൂടെ മാത്രം പരിഹരിക്കാൻ സാധിക്കില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. ഭാവിയിൽ ഏതെങ്കിലും തരത്തിലുള്ള പുതിയ ആക്രമണങ്ങൾ ഉണ്ടായാൽ രാജ്യം ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സൈനിക നടപടികളോ ഉപരോധങ്ങളോ ഇതിന് ശാശ്വത പരിഹാരമല്ലെന്നും, നീതിയും ന്യായവും മുൻനിർത്തിയുള്ള സംഭാഷണങ്ങളിലൂടെ മാത്രമേ നിലവിലെ പ്രതിസന്ധികൾ അവസാനിപ്പിക്കാൻ സാധിക്കൂ എന്നും അദ്ദേഹം ഓർമിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

