താരസംഘടനയായ അമ്മയുടെ അഡ്ഹോക് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്കെതിരെ നടി ശ്വേത മേനോൻ സമർപ്പിച്ച ഹർജിയിൽ നടപടികൾ തുടരുന്നു. കേസിലേക്ക് നടി അൻസിബയെ കക്ഷി ചേർക്കാനുള്ള നീക്കത്തിനെതിരെയാണ് ശ്വേത മേനോൻ നിലപാട് കടുപ്പിച്ചിരിക്കുന്നത്.
ഈ മാസം 27-ന് എറണാകുളം മുൻസിഫ് കോടതി ഈ വിഷയത്തിൽ വാദം കേൾക്കും. അഡ്ഹോക് കമ്മിറ്റിയുടെ പ്രവർത്തനത്തിന് കോടതി നേരത്തെ സ്റ്റേ ഏർപ്പെടുത്തിയിരുന്നു.
ഇതിനെതിരെ രമേഷ് പിഷാരടിയും കോടതിയിൽ എതിർപ്പ് അറിയിക്കും. പിഷാരടിയുടെ വാദവും കോടതി 27-ന് പരിഗണിക്കും.
അതുവരെ അഡ്ഹോക് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്കുള്ള സ്റ്റേ തുടരും. സംഘടനയുടെ ബൈലോ പ്രകാരം അഡ്ഹോക് കമ്മിറ്റി എന്നൊരു സംവിധാനം നിലവിലില്ലെന്നും, ഭരണസമിതി രാജിവെച്ചാൽ പുതിയ തിരഞ്ഞെടുപ്പ് വരെ നിലവിലെ സമിതിക്ക് തന്നെയാണ് അധികാരമെന്നുമാണ് ശ്വേതയുടെ പ്രധാന വാദം.
അഡ്ഹോക് കമ്മിറ്റിയുടെ രൂപീകരണം നിയമവിരുദ്ധമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. അതേസമയം, കോടതി ഉത്തരവിന് പിന്നാലെ അഡ്ഹോക് കമ്മിറ്റി കൺവീനർ സ്ഥാനത്ത് നിന്ന് രമേഷ് പിഷാരടി രാജിവെച്ചിരുന്നു.
സംഘടനയെ കോടതി കയറ്റാൻ താൽപ്പര്യമില്ലെന്ന് വ്യക്തമാക്കിയ പിഷാരടി, താൻ ഒരു അധികാരസ്ഥാനത്തും കടിച്ചുതൂങ്ങാൻ ആഗ്രഹിക്കുന്നില്ലെന്നും പ്രതികരിച്ചു. ശ്വേത ഉന്നയിച്ച അഴിമതി ആരോപണങ്ങൾ നിഷേധിച്ച അദ്ദേഹം, “ഒരു അധികാരസ്ഥാനത്തും കടിച്ചുതൂങ്ങാൻ താല്പര്യമില്ല.
ശ്വേത ഉന്നയിച്ച അഴിമതി ആരോപണം വെറും ആരോപണം മാത്രമാണ്. കേട്ടവർ തെളിയിക്കട്ടെ.
പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശ്രമിച്ചത്. എല്ലാവരുമായും സംസാരിച്ചു.
പ്രത്യേക സാഹചര്യത്തിലാണ് അഡ്ഹോക് കമ്മിറ്റി വന്നത്. പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ച ഒരാളുടെ ഹർജിയിൽ എങ്ങനെയാണ് സ്റ്റേ വരുന്നത്”? എന്ന് ചോദിച്ചു.
എന്നാൽ, നിയമപോരാട്ടങ്ങളിലേക്ക് പോകാൻ താൻ താല്പര്യപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

