വലിയ സമ്മാനങ്ങൾ നൽകി സർപ്രൈസ് ചെയ്യുന്നതിനേക്കാൾ ജീവിതത്തിലെ അന്നന്നത്തെ ചെറിയ കരുതകളിലാണ് യഥാർത്ഥ സ്നേഹം അടങ്ങിയിരിക്കുന്നതെന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. റെസ്റ്റോറന്റിൽ വെച്ച് തന്റെ ഭാര്യയ്ക്കായി സ്വന്തം കൈകൊണ്ട് ആഹാരം പ്ലേറ്റിലാക്കി കൊണ്ടുവരുന്ന പ്രായമായ ഒരാളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.
@shanaa_8297 എന്ന ഇൻസ്റ്റഗ്രാം യൂസറാണ് ഈ മനോഹരമായ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. “ഇന്ന് ഞാൻ അവരെ കണ്ടപ്പോൾ എന്റെ മനസ്സ് നിറഞ്ഞു.
അങ്കിൾ ആ പ്ലേറ്റുകൾ അവർക്കായി എടുത്തു കൊണ്ടുവരുന്നത് ലളിതമെങ്കിലും മനോഹരമായ ഒരു സ്നേഹപ്രകടനമായിരുന്നു. എന്തുകൊണ്ടാണെന്നറിയില്ല, അത് എന്നെ വികാരഭരിതയാക്കി.
എന്റെ ഭാവി ജീവിതവും പങ്കാളിയോടൊപ്പം ഇതുപോലെയായിരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചുപോയി” എന്ന് കുറിച്ചുകൊണ്ടാണ് അവർ ഈ ദൃശ്യങ്ങൾ സമൂഹവുമായി പങ്കുവെച്ചത്. വൈറലായ ദൃശ്യങ്ങളിൽ, ഭാര്യ ഇരിക്കുന്ന മേശയിലേക്ക് രണ്ടു പ്ലേറ്റുകളിൽ ഭക്ഷണവുമായി ഭർത്താവ് നടന്നു വരുന്നത് വ്യക്തമായി കാണാം.
മേശയ്ക്കരികിലെത്തുമ്പോൾ, സ്വന്തം സീറ്റിൽ ഇരിക്കുന്നതിന് മുൻപായി തന്നെ അദ്ദേഹം ആദ്യത്തെ പ്ലേറ്റ് ഭാര്യയുടെ മുന്നിലേക്ക് സ്നേഹത്തോടെ എടുത്തു വയ്ക്കുന്നു. തുടർന്ന് ഇരുവരും ഒരുമിച്ചിരുന്ന് സന്തോഷത്തോടെ ഭക്ഷണം കഴിക്കുന്നതും ദൃശ്യങ്ങളിൽ കാണാൻ സാധിക്കും.
ഒരേ നിറത്തിലുള്ള വസ്ത്രങ്ങളാണ് ഇരുവരും ധരിച്ചിരുന്നത് എന്നതും ഏറെ ശ്രദ്ധ ആകർഷിച്ചു. ഈ മുതിർന്ന ദമ്പതികളുടെ മനോഹരമായ ബന്ധത്തെയും പരസ്പരമുള്ള കരുതലിനെയും പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ബോക്സിൽ എത്തിയിരിക്കുന്നത്.
“എത്ര സുന്ദരമാണ് അങ്കിളിന്റെയും ആന്റിയുടെയും സ്നേഹം” എന്നാണ് ഈ ദൃശ്യങ്ങൾ കണ്ട ഒരാൾ കുറിച്ചത്.
“ഇതാണ് ശരിക്കും കപ്പിൾ ഗോൾസ്” എന്നായിരുന്നു മറ്റ് പലരുടെയും പ്രതികരണങ്ങൾ. ജീവിതകാലം മുഴുവൻ പങ്കാളികൾക്ക് പരസ്പരം ഇത്തരത്തിലുള്ള കരുതൽ ഉണ്ടാകണമെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.
ഏതായാലും സ്നേഹവും ലാളിത്യവും തുളുമ്പുന്ന ഈ വീഡിയോ ഇതിനോടകം തന്നെ വലിയ സ്വീകാര്യതയാണ് നേടിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

