സംസ്ഥാനത്ത് വ്യാജ ഹോൾമാർക്ക് മുദ്ര പതിപ്പിച്ച സ്വർണാഭരണങ്ങൾ വിപണിയിലെത്തിച്ച് തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ സജീവമാകുന്നു. അടുത്തിടെ കണ്ണൂർ ചക്കരക്കല്ലിൽ ഇത്തരത്തിൽ വ്യാജ സ്വർണം വിൽക്കാൻ ശ്രമിച്ച സംഘത്തെ വ്യാപാരിയുടെ പരാതിയെത്തുടർന്ന് പൊലീസ് പിടികൂടി.
പരിശോധനയിലെ കൃത്യത
കണ്ടാൽ തിരിച്ചറിയാൻ കഴിയാത്ത വിധം നിർമ്മിച്ച 916 സ്വർണാഭരണങ്ങളാണ് ഇവർ വിൽപ്പനയ്ക്കായി കൊണ്ടുവന്നത്. ക്യാരറ്റ് അനലൈസറിൽ പരിശോധിച്ചിട്ടും തട്ടിപ്പ് കണ്ടെത്താൻ കഴിയാത്തവിധം നിർമ്മിച്ചവയായിരുന്നു ഇവ.
എന്നാൽ, സൂക്ഷ്മമായ പരിശോധനയിൽ ഹോൾമാർക്ക് (എച്ച്യുഐഡി) മുദ്രയുൾപ്പെടെ വ്യാജമാണെന്ന് തെളിയുകയായിരുന്നു. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
തുടരുന്ന തട്ടിപ്പുകൾ
ഇതിന് സമാനമായി കോഴിക്കോട് കൊടുവള്ളിയിലും വ്യാജ സ്വർണം വിൽക്കാൻ ശ്രമിച്ച സംഘം പൊലീസിനെക്കണ്ട് വാഹനമുപേക്ഷിച്ച് കടന്നുകളഞ്ഞു. ഇവരുടെ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇവർക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. തിരുവനന്തപുരത്ത് നിന്ന് വാങ്ങിയ സ്വർണാഭരണങ്ങൾ കൊൽക്കത്തയിലെ ജ്വല്ലറിയിൽ മാറ്റി വാങ്ങി തട്ടിപ്പ് നടത്തിയ സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വ്യാപാരി സംഘടനയുടെ ആശങ്ക
സംസ്ഥാനത്ത് വ്യാജ സ്വർണ തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ജനറൽ സെക്രട്ടറി എസ്.
അബ്ദുൽ നാസറും ആവശ്യപ്പെട്ടു. സ്വർണവിലയിലുണ്ടായ വലിയ വർധനയാണ് തട്ടിപ്പുകാർക്ക് അവസരമൊരുക്കുന്നത്.
വ്യാജ ആഭരണങ്ങൾ പണയപ്പെടുത്തി വായ്പ തട്ടിയെടുക്കുന്ന പ്രവണതയും കൂടിവരികയാണെന്ന് ഇവർ ചൂണ്ടിക്കാട്ടി. സുരക്ഷാ മാർഗങ്ങൾ
ആഭരണങ്ങളിലെ ആറ് അക്ക ആൽഫാന്യൂമറിക് എച്ച്യുഐഡി നമ്പർ ബിഐഎസ് കെയർ എന്ന ആപ്പിൽ പരിശോധിച്ചാൽ തട്ടിപ്പുകൾ തിരിച്ചറിയാൻ സാധിക്കുമെന്ന് കെജിഎസ്എംഎ വ്യക്തമാക്കി.
ഹാൾമാർക്കിങ് കേന്ദ്രത്തിന്റെ വിവരങ്ങളും ജ്വല്ലറി സംബന്ധമായ രേഖകളും ഇതിലൂടെ ലഭിക്കും. സംഘടിതമായി പ്രവർത്തിക്കുന്ന ഇത്തരം സംഘങ്ങളെ കണ്ടെത്തി കേന്ദ്ര-സംസ്ഥാന ഏജൻസികൾ കർശന നടപടി സ്വീകരിക്കണമെന്നും അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

