പാലക്കാട്, മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തൂതപ്പുഴയ്ക്ക് കുറുകെയുള്ള കൊടുമുടി – തിരുവേഗപ്പുറ സമാന്തര പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട പ്രാഥമിക നടപടികൾ പുരോഗമിക്കുന്നു.
പദ്ധതിയുടെ ഭാഗമായുള്ള മണ്ണ് പരിശോധന ഉടൻ ആരംഭിക്കുമെന്ന് പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ അറിയിച്ചു.
മണ്ണ് പരിശോധന പൂർത്തിയാകുന്ന മുറയ്ക്ക് വിശദമായ പ്രോജക്ട് റിപ്പോർട്ട് (DPR) തയ്യാറാക്കും. തുടർന്ന് പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം ചീഫ് എൻജിനീയർ മുഖാന്തരം ഡിസൈനിങ് വിഭാഗത്തിന് സമർപ്പിച്ച് അന്തിമ അംഗീകാരം നേടിയെടുക്കാനാണ് തീരുമാനം.
പ്രഫ. ആബിദ് ഹുസൈൻ തങ്ങളുടെ ഇടപെടലുകളെ തുടർന്നാണ് പദ്ധതി നിർവഹണത്തിൽ വേഗത കൈവന്നത്.
ഈ പാലത്തിന്റെ നിർമാണത്തിനായി ബജറ്റിൽ 5 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതിൽ ഇൻവെസ്റ്റിഗേഷൻ പ്രവൃത്തികൾക്കായി 14.2 ലക്ഷം രൂപ നേരത്തെ അനുവദിച്ചിരുന്നു.
മലപ്പുറം ജില്ലാ വികസന സമിതി യോഗത്തിൽ എംഎൽഎ വിഷയം ഉന്നയിച്ചതിനെ തുടർന്ന്, ഇൻവെസ്റ്റിഗേഷൻ നടപടികൾ വേഗത്തിലാക്കുമെന്ന് പൊതുമരാമത്ത് പാലം വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഉറപ്പുനൽകിയിരുന്നു. മണ്ണ് പരിശോധനയുടെ ഭാഗമായി ഉദ്യോഗസ്ഥ സംഘം തൂതപ്പുഴയുടെ കൊടുമുടി പ്രദേശം സന്ദർശിച്ചു.
ഇരിമ്പിളിയം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി.ടി.അമീർ, പാലം വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ വിനോദ്കുമാർ ചാലിൽ, അസിസ്റ്റന്റ് എൻജിനീയർ ധീരജ് കുമാർ, ഓവർസീയർ പി.മുസാഫിർ അലി എന്നിവർ സ്ഥലപരിശോധന നടത്തി. അടുത്ത ആഴ്ചയോടെ പൈലിങ് ജോലികൾ ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി.
നിലവിലുള്ള തിരുവേഗപ്പുറ പാലം കാലപ്പഴക്കം കാരണം അപകടാവസ്ഥയിലായതും പലതവണ അറ്റകുറ്റപ്പണികൾക്കായി അടച്ചിടേണ്ടി വന്നതുമാണ് പുതിയ പാലം എന്ന ആവശ്യം ശക്തമാക്കിയത്. ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കുന്നതിനായി പ്രഫ.
ആബിദ് ഹുസൈൻ തങ്ങൾ നടത്തിയ നിരന്തരമായ പരിശ്രമങ്ങളാണ് പദ്ധതി യാഥാർഥ്യത്തിലേക്ക് അടുക്കാൻ വഴിയൊരുക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

