ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം നിർമ്മാണവുമായി ബന്ധപ്പെട്ട് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് റോണി കെ. ബേബി എംഎൽഎ മുഖ്യമന്ത്രിക്ക് കത്ത് നൽകി.
കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മണ്ഡലങ്ങളുടെ പരിധിയിൽ വരുന്ന ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവള നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണെന്നാണ് എംഎൽഎയുടെ നിലപാട്. വിവിധ പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മധ്യതിരുവിതാംകൂറിൽ വിമാനത്താവളത്തിന് ഏറ്റവും യോജിച്ച ഭൂമിയാണിത്.
മുൻ സർക്കാർ പുറപ്പെടുവിച്ച സാമൂഹികാഘാത പഠന വിജ്ഞാപനം റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഫലപ്രദമായ ഇടപെടലുകളിലൂടെ അനുകൂലമാക്കാൻ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശ തർക്കത്തിൽ പാലാ കോടതിയുടെ വിധിക്കെതിരെയും നിയമപരമായ മാർഗങ്ങളിലൂടെ സർക്കാരിന് നീങ്ങാവുന്നതാണ്.
വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റിൽ തന്നെ ആവശ്യത്തിന് ഭൂമി ലഭ്യമായിരിക്കെ, തോട്ടത്തിന് പുറത്തുള്ള ഭൂമികൾ കൂടി പദ്ധതിക്കായി ഏറ്റെടുക്കാനുള്ള മുൻ സർക്കാരിന്റെ തീരുമാനത്തിൽ മാറ്റം വരുത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. പദ്ധതിക്കായി പുറത്തുള്ള ഭൂമികൾ വിജ്ഞാപനം ചെയ്തത് നിരവധി സാധാരണക്കാരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
സ്വന്തം ഭൂമി വിൽക്കാനോ പണയപ്പെടുത്താനോ ഉടമകൾക്ക് സാധിക്കാത്ത അവസ്ഥയുണ്ട്. കേരള ബാങ്ക് ജപ്തി നടപടികൾ സ്വീകരിച്ചതുൾപ്പെടെയുള്ള ഗുരുതരമായ സാഹചര്യങ്ങൾ ഉടമകൾ നേരിടുന്നുണ്ടെന്ന് എംഎൽഎ വ്യക്തമാക്കി.
അതിനാൽ, പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ അടിയന്തരവും സമയബന്ധിതവുമായ തീരുമാനമെടുക്കണമെന്ന് റോണി കെ. ബേബി ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

