എറണാകുളം ജില്ലയിലെ ചെങ്ങമനാട്ട് മലഞ്ചരക്ക് കടയുടെ പൂട്ട് തകർത്ത് ലക്ഷക്കണക്കിന് രൂപയുടെ ഉൽപ്പന്നങ്ങൾ കവർന്ന സംഭവത്തിൽ രണ്ടുപേരെ പൊലീസ് പിടികൂടി. കാലടി മറ്റൂർ അയ്യൻകര വീട്ടിൽ മനോജ് കുമാർ (23), അങ്കമാലി പാലിയേക്കര വീട്ടിൽ മിഥുൻ (37) എന്നിവരെയാണ് ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തത്.
16ന് രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഇരുചക്ര വാഹനത്തിലെത്തിയ പ്രതികൾ കടയുടെ ഷട്ടർ കുത്തിത്തുറന്ന് അകത്തുകടക്കുകയായിരുന്നു.
തുടർന്ന് കടയിലുണ്ടായിരുന്ന ഏകദേശം ഒരു ലക്ഷത്തോളം രൂപ വിലമതിക്കുന്ന ജാതിക്ക, ജാതി ഫ്ലവർ, ജാതിപരിപ്പ്, അടയ്ക്ക തുടങ്ങിയ മലഞ്ചരക്ക് സാധനങ്ങൾ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പിടിയിലായ പ്രതികൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ നിലവിലുണ്ട്.
മനോജ് കുമാറിനെതിരെ കാലടി, അങ്കമാലി, കോതമംഗലം, കുറുപ്പംപടി, ഏലൂർ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലായി 10 ക്രിമിനൽ കേസുകളാണുള്ളത്. മിഥുനാകട്ടെ, ഉടുമ്പൻചോല എക്സൈസ് റേഞ്ച് പരിധിയിലും ആലുവ പൊലീസ് സ്റ്റേഷനിലും രജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതിയാണ്.
ആലുവ ഡിവൈഎസ്പി ബൈജു പൗലോസ്ന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. അങ്കമാലി സർക്കിൾ ഇൻസ്പെക്ടർ കെ.ആർ.
രൂപേഷ്, ചെങ്ങമനാട് എസ്എച്ച്ഒ പി.എം. റഷീദ്, എസ്ഐ അജീഷ്, എഎസ്ഐമാരായ ഷൈജു അഗസ്റ്റിൻ, പ്രസാദ്, സീനിയർ സിപിഒമാരായ കിഷോർ, രഞ്ജിത്ത്, മൃദുൽ കുമാർ, യശ്വന്ത് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

