ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി മാനസികാരോഗ്യ ബോധവൽക്കരണം ലക്ഷ്യമിട്ട് കൊച്ചിയിൽ വ്യത്യസ്തമായ പരിപാടി സംഘടിപ്പിച്ചു. പ്രയത്ന സെന്റർ ഫോർ ചൈൽഡ് ഡെവലപ്മെന്റും കൊച്ചി മുൻസിപ്പൽ കോർപ്പറേഷനും സംയുക്തമായി സുഭാഷ് പാർക്കിലാണ് ‘ഇമോഷൻസ് ഇന്ററാക്ടീവ് ഇൻസ്റ്റളേഷൻ’ ഒരുക്കിയത്.
പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ടി. ജെ.
വിനോദ് എംഎൽഎ നിർവഹിച്ചു. ചടങ്ങിൽ മേയർ അഡ്വ.
മിനിമോൾ വി. കെ, കൗൺസിലർ കെ.
വി. പി കൃഷ്ണകുമാർ എന്നിവരും സന്നിഹിതരായിരുന്നു.
മനുഷ്യന്റെ സങ്കടം, സന്തോഷം, ദേഷ്യം, ഭയം, ആശങ്ക, വീർപ്പുമുട്ടൽ തുടങ്ങിയ വിവിധ വൈകാരിക അവസ്ഥകളെ പ്രതീകാത്മകമായി അടയാളപ്പെടുത്തുന്ന സിലിണ്ടറുകളാണ് ഈ ഇൻസ്റ്റളേഷന്റെ പ്രധാന ആകർഷണമായി മാറിയത്. പാർക്കിലെത്തിയ പൊതുജനങ്ങൾക്കായി തങ്ങളുടെ അന്നത്തെ വൈകാരികാവസ്ഥ തിരിച്ചറിഞ്ഞ് അതിനു അനുയോജ്യമായ സിലിണ്ടറുകളിൽ ടോക്കണുകൾ നിക്ഷേപിക്കാനുള്ള അവസരവും ഒരുക്കിയിരുന്നു.
ഓരോ സിലിണ്ടറിനും താഴെയായി അതത് വികാരങ്ങൾക്ക് അനുയോജ്യമായ പ്രോത്സാഹന സന്ദേശങ്ങൾ അടങ്ങിയ ബാസ്ക്കറ്റുകളും സജ്ജീകരിച്ചിട്ടുണ്ടായിരുന്നു. ടോക്കൺ നിക്ഷേപിച്ച ശേഷം തങ്ങളുടെ വികാരങ്ങൾക്ക് ചേരുന്ന പ്രചോദന സന്ദേശങ്ങൾ അടങ്ങിയ കുറിപ്പുകൾ എടുക്കാനും വായിക്കാനും സാധിക്കുന്ന രീതിയിലായിരുന്നു ഇതിന്റെ ക്രമീകരണങ്ങൾ.
“നമ്മുടെ വികാരങ്ങളെ തിരിച്ചറിയുക എന്നതാണ് മാനസികാരോഗ്യത്തിലേക്കുള്ള ആദ്യപടി. കുട്ടികളടക്കം നിരവധി ആളുകൾ തങ്ങളുടെ ഉള്ളിലെ വികാരങ്ങൾ തുറന്നു പ്രകടിപ്പിക്കാൻ സാധിക്കാതെ പോകുന്നുണ്ട്.
ഭയമോ മുൻവിധികളുടെ ആശങ്കയോ ഇല്ലാതെ സ്വന്തം വികാരങ്ങളെ പേരെടുത്തു പറയാൻ സഹായിക്കുന്നതിനാണ് ഈ പരിപാടി സംഘടിപ്പിച്ചത്.” പ്രയത്ന സ്ഥാപകനും ചെയർമാനുമായ ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി വ്യക്തമാക്കി.
പൊതുജനങ്ങളിൽ നിന്നും മികച്ച പങ്കാളിത്തവും പിന്തുണയുമാണ് ഈ വ്യത്യസ്ത ആശയത്തിന് ലഭിച്ചത്. “ഞാൻ തിരഞ്ഞെടുത്തത് ‘ഓവർവെൽംഡ്’ (വീർപ്പുമുട്ടൽ) എന്ന സിലിണ്ടറായിരുന്നു.
അതിൽ നിന്നും ലഭിച്ച സന്ദേശം ഞാൻ കേൾക്കാൻ ആഗ്രഹിച്ച വാക്കുകളായിരുന്നു.” എന്ന് പരിപാടിയിൽ പങ്കെടുത്ത മീനു പ്രതികരിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ജനങ്ങൾക്ക് പരസ്പര സഹാനുഭൂതിയും പിന്തുണയും പങ്കുവെക്കാനും മാനസികാരോഗ്യത്തെക്കുറിച്ചുള്ള ഗൗരവകരമായ ചർച്ചകൾക്ക് വേദിയാകാനും ഈ ദിനാചരണം സഹായകരമായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

