പാലക്കാട് വടകരപ്പതിയിൽ സ്വർണാഭരണങ്ങൾ കവർച്ച ചെയ്യുന്നതിനായി വയോധികയെ കൊലപ്പെടുത്തി കത്തിച്ച ശേഷം മൃതദേഹം കുഴിച്ചുമൂടിയ കേസുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി പോലീസ് പിടികൂടി. ആട്ടയാമ്പതി സ്വദേശിയായ 17 വയസ്സുകാരനാണ് പിടിയിലായത്.
നേരത്തെ കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന മുഖ്യപ്രതി ഉദയകുമാറിന്റെ സുഹൃത്താണ് ഇയാൾ. കഴിഞ്ഞ 20 വർഷമായി ആട്ടയാമ്പതിയിൽ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്ന സരസമ്മാളിനെ ജൂൺ 10 മുതൽ കാണാതാവുകയായിരുന്നു.
മകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച കൊഴിഞ്ഞാമ്പാറ പോലീസ് ഒരു മാസത്തിന് ശേഷമാണ് കൊലപാതകത്തിന്റെ വിവരം പുറത്തുകൊണ്ടുവന്നത്. അയൽവാസിയായ ഉദയകുമാറും 17 വയസ്സുകാരനായ സുഹൃത്തും ചേർന്നാണ് കൃത്യം നിർവഹിച്ചത്.
വയോധികയുടെ കൈവശമുണ്ടായിരുന്ന സ്വർണ്ണ മൂക്കുത്തികൾ അപഹരിക്കുന്നതിനായി പ്രതികൾ ഇവരെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് വടിവാൾ ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിനുള്ളിലെ ശുചിമുറിയിൽ വെച്ച് കത്തിക്കുകയും അവശിഷ്ടങ്ങൾ വീടിന് പുറകുവശത്തായി കുഴിച്ചിടുകയുമായിരുന്നു.
സംശയത്തെ തുടർന്ന് ഉദയകുമാറിനെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്. പോലീസ് കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങൾ ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി.
അന്വേഷണത്തിൽ 17 വയസ്സുകാരന്റെ പങ്കും വ്യക്തമായതോടെ ഇയാളെ കസ്റ്റഡിയിലെടുത്ത് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. ഉദയകുമാർ നൽകിയ മൊഴികളിലെ വൈരുദ്ധ്യം കണക്കിലെടുത്ത് ഇയാളെ വീണ്ടും പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

