ഹിന്ദുരാഷ്ട്ര സങ്കൽപം ഒരിക്കലും മുസ്ലീങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ളതല്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് വ്യക്തമാക്കി. ഭാരതത്തിൽ മുസ്ലീങ്ങൾ ഉണ്ടാകരുതെന്ന് ഏതെങ്കിലും ഹിന്ദു ചിന്തിക്കുന്നുണ്ടെങ്കിൽ അയാൾ യഥാർഥ ഹിന്ദു ആകില്ലെന്നും, അത്തരത്തിലുള്ളതല്ല യഥാർത്ഥ ഹിന്ദുത്വമെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളെ സ്വയം ഹിന്ദു എന്ന് വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്നവർ എല്ലാ പാതകളും ഒരേ ദൈവത്തിലേക്കാണ് നയിക്കുന്നതെന്ന് വിശ്വസിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ന്യൂയോർക്കിൽ സംഘടിപ്പിച്ച ‘വൺ വേൾഡ്, വൺ ഹ്യൂമാനിറ്റി’ (ഒരു ലോകം, ഒരു മാനവികത) എന്ന പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
വിവിധ മതങ്ങളെ അംഗീകരിക്കുന്നതിനൊപ്പം തന്നെ മനുഷ്യത്വത്തിന്റെ ഐക്യത്തിന് പ്രത്യേക ഊന്നൽ നൽകുന്നതാണ് ഇന്ത്യയുടെ പരമ്പരാഗതമായ കാഴ്ചപ്പാടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. മതങ്ങൾ വ്യത്യസ്തമായിരിക്കാമെങ്കിലും മനുഷ്യത്വം ഒന്നാണെന്ന് വിശ്വസിക്കുന്ന സമൂഹത്തിലാണ് താൻ പ്രവർത്തിക്കുന്നതെന്നും, സത്യം ഒന്നാണെന്നും ആ സത്യത്തിന്റെ ഉത്പന്നമാണ് മനുഷ്യത്വമെന്നും മോഹൻ ഭാഗവത് വിശദീകരിച്ചു.
മതത്തിന്റെ അത്യന്തിക ലക്ഷ്യം സത്യം അന്വേഷിക്കുകയെന്നതാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ വൈവിധ്യങ്ങളെ കൃത്യമായി സംരക്ഷിക്കുകയും ആദരിക്കുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നാം എല്ലാവരെയും സംരക്ഷിക്കാൻ ബാധ്യസ്ഥരാണ്. ഇന്ത്യയിൽ വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ടവർ സമാധാനത്തോടെയും ഒത്തൊരുമയോടെയുമാണ് ജീവിച്ചുവരുന്നത്.
ഭാരതം എല്ലാവർക്കും പരമ്പരാഗതമായി അഭയം നൽകിവരുന്ന ഇടമാണെന്നും, അതുകൊണ്ടാണ് ഇവിടെ എല്ലാ വിഭാഗങ്ങളിലുള്ളവരും ഒന്നിച്ച് ജീവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

