കോഴിക്കോട്: ബെംഗളൂരുവിൽനിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മര്‍ദ്ദിക്കുകയും ബന്ധുക്കളെ ഭീഷണിപ്പെടുത്തി മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്ത സംഭവത്തിൽ ഒരാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് വെള്ളിമാടുകുന്ന് പുളിയോട്കുന്ന് മഠത്തില്‍ പ്രസാദിന്റെ മകന് ‘കുട്ടന്’ എന്ന് വിളിക്കുന്ന അഖിൽ (33) ആണ് പിടിയിലായത്.
ബെംഗളൂരുവിലെ സുഹൃത്തിന്റെ ഫ്ളാറ്റില്‍നിന്നുമാണ് മലപ്പറമ്പ് സ്വദേശിയായ യുവാവിനെ ഒരുസംഘം ആളുകൾ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ചേവായൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ പടിഞ്ഞാറ്റുമുറിയിലുള്ള ഒരു വാടകവീട്ടില്‍ ഇയാളെ തടഞ്ഞുവെയ്ക്കുകയും കടുത്ത ദേഹോപദ്രവങ്ങള്‍ ഏല്‍പ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് നഗ്ന ഫോട്ടോയെടുത്ത് മാതാപിതാക്കൾക്ക് അയച്ചുകൊടുക്കുകയും എട്ട് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയുമായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് സബ് ഡിവിഷന് അസിസ്റ്റന്റ് കമ്മീഷണര്‍ പ്രമോദിന്റെ സ്പെഷ്യല്‍ ടീം അംഗങ്ങളായ എ.എസ്.ഐ റഷീദ് കെ.വി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മനോജ് വി.ഡി, ഗോകുല്‍ പ്രകാശ്, രാഗേഷ് ടി.
പ്രേമന് എന്നിവരും ചേവായൂര്‍ പോലീസ് സ്റ്റേഷന് എസ്.എച്ച്.ഒ ദിനേശ് ടി.പി, എ.എസ്.ഐ രഗീഷ്, നജീബ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ വിജിനേഷ്, വന്ദന എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയായ അഖിൽ മുൻപ് മറ്റൊരു വധശ്രമ കേസിലും ഉൾപ്പെട്ടിട്ടുള്ളയാളാണെന്ന് പൊലീസ് വ്യക്തമാക്കി.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഈ കേസിൽ മുൻപ് പറമ്പില്‍ ബസാര്‍ നമ്പ്യാത്ത് താഴത്ത് കനാൽ റോഡില്‍ ‘കുട്ട’ എന്ന് വിളിക്കുന്ന അതുൽ, കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി തില്ലങ്കേരി പാളിയപറമ്പ് ‘ഡിങ്കൻ’ എന്ന് വിളിക്കുന്ന ജിഷ്ണു ജയൻ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

