സംസ്ഥാനത്തെ സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര ഉറപ്പാക്കുന്ന ‘പ്രിയദർശിനി’ പദ്ധതിയുടെ പ്രവർത്തനങ്ങൾ പൂർത്തിയായതായി മന്ത്രി സി.പി.ജോൺ അറിയിച്ചു. ഈ പദ്ധതി നടപ്പിലാക്കുന്നതിലൂടെ സ്ത്രീകളുടെ വരുമാനത്തിൽ 15 മുതൽ 20 ശതമാനം വരെ വർധനവ് ഉണ്ടാകുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്.
തിങ്കളാഴ്ച രാവിലെ 8.30-ന് തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. പദ്ധതിയുടെ ഭാഗമായുള്ള ആദ്യ സർവീസിൽ വനിതാ ഡ്രൈവറും വനിതാ കണ്ടക്ടറുമായിരിക്കും ഡ്യൂട്ടിയിലുണ്ടാവുക.
തുടർന്ന്, രാവിലെ 9 മണിക്ക് സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രാദേശിക ഉദ്ഘാടന ചടങ്ങുകൾ സംഘടിപ്പിക്കും. ആദ്യ ഘട്ടത്തിൽ 3125 ഓർഡിനറി ബസുകളിലാണ് സൗജന്യയാത്ര ലഭ്യമാക്കുക.
പദ്ധതിക്കായി ആവശ്യമായ തുക ഗ്രാന്റായി സർക്കാർ അനുവദിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. യാത്രച്ചെലവ് എന്ന വലിയ പ്രതിസന്ധി പരിഹരിക്കപ്പെടുന്നതോടെ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർധിക്കുമെന്നും വിദ്യാഭ്യാസ-സംരംഭക മേഖലകളിൽ അവർക്ക് കൂടുതൽ സജീവമാകാൻ സാധിക്കുമെന്നും സർക്കാർ കണക്കുകൂട്ടുന്നു.
കെഎസ്ആർടിസിയിലെ പ്രധാന യാത്രക്കാരായ സ്ത്രീകൾക്ക് പദ്ധതിയുടെ ഗുണം ലഭിക്കുന്നതോടെ അത് സംസ്ഥാനത്തെ കുടുംബങ്ങളുടെ സാമ്പത്തിക ഭദ്രതയെ സ്വാധീനിക്കും. കൂടാതെ, സ്വകാര്യ വാഹനങ്ങളിൽ നിന്ന് പൊതുഗതാഗതത്തിലേക്ക് ആളുകൾ മാറുന്നത് ഇന്ധന ഉപഭോഗം കുറയ്ക്കാനും കാർബൺ പുറന്തള്ളൽ നിയന്ത്രിക്കാനും ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വാർത്താ സമ്മേളനത്തിൽ ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി.അനുപമ, കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കർ എന്നിവരും പങ്കെടുത്തു. സൗജന്യ യാത്ര ലഭ്യമാകുന്ന ബസുകൾ
പദ്ധതിയുടെ ഭാഗമായി സൗജന്യയാത്ര അനുവദിക്കുന്ന ഓർഡിനറി സർവീസുകളുടെ പട്ടിക കെഎസ്ആർടിസി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ് ഓർഡിനറി, ഗ്രാമവണ്ടി, ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്, പോയിന്റ് ടു പോയിന്റ്, ടൗൺ ടു ടൗൺ (ടിടി) ഓർഡിനറി ബസുകളിൽ ഈ ആനുകൂല്യം ലഭ്യമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

