തിരുവനന്തപുരത്ത് ഭക്ഷണം എത്തിക്കാൻ വൈകിയെന്നാരോപിച്ച് ഫുഡ് ഡെലിവറി ജീവനക്കാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിലായി. കോഴിക്കോട് പാറക്കടവ് സ്വദേശിയും നിലവിൽ തിരുവനന്തപുരത്ത് താമസക്കാരനുമായ സാഹിം (36) ആണ് പേരൂർക്കട പൊലീസിന്റെ പിടിയിലായത്.
ചൊവ്വാഴ്ച രാവിലെ അമ്പലമുക്കിലെ അപ്പാർട്ട്മെന്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്പൂരി മായം സ്വദേശിയായ ഡെലിവറി ജീവനക്കാരനാണ് ആക്രമണത്തിന് ഇരയായത്.
ഓർഡർ ചെയ്ത ഭക്ഷണം എത്തിക്കാൻ വൈകിയതിലുള്ള വിരോധം മൂലം പ്രതി പണം നൽകാൻ തയാറായില്ല. ഇതിനുപിന്നാലെ യുവാവിനെ അസഭ്യം പറയുകയും കൈവശമുണ്ടായിരുന്ന ഹെൽമെറ്റ് ഉപയോഗിച്ചും വീട്ടിലുണ്ടായിരുന്ന ഇസ്തിരിപ്പെട്ടി ഉപയോഗിച്ചും ക്രൂരമായി മർദിക്കുകയുമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
ആക്രമണത്തിൽ ഡെലിവറി ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിന് ശേഷം ഡെലിവറി ജീവനക്കാരനെ കേസിൽ കുടുക്കാൻ പ്രതി ശ്രമം നടത്തിയെങ്കിലും, അന്വേഷണത്തിൽ സത്യാവസ്ഥ ബോധ്യപ്പെട്ടതോടെ പൊലീസ് വധശ്രമത്തിന് കേസെടുക്കുകയായിരുന്നു.
ഇതിനുശേഷം ഒളിവിൽ പോയ പ്രതിയെ മെഡിക്കൽ കോളേജ് പരിസരത്ത് വെച്ചാണ് പേരൂർക്കട പൊലീസ് പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

