കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ സിപിഎം നേതാവ് പി. ജയരാജൻ സന്ദർശനം നടത്തി.
തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് ശേഷമാണ് അദ്ദേഹം കുടുംബത്തോടൊപ്പം ക്ഷേത്രത്തിലെത്തിയത്. ചാന്താട്ടം കഴിഞ്ഞ സമയമായതിനാൽ ദേവീവിഗ്രഹത്തിൽ തിരുവാഭരണങ്ങൾ ചാർത്തിയിരുന്നില്ലെന്നും, ഇത് സംബന്ധിച്ച് ജീവനക്കാരോട് ചോദിച്ചറിഞ്ഞെന്നും റിപ്പോർട്ടുകളുണ്ട്.
തുടർന്ന് ക്ഷേത്ര നടപ്പന്തലിനോടു ചേർന്നുള്ള കോഴിക്കല്ല്, കിഴക്കേ നടയിലെ തവിട്ടു മുത്തി, പടിഞ്ഞാറേ നടയിലെ വസൂരി മാല എന്നിവിടങ്ങളിൽ അദ്ദേഹം പ്രദക്ഷിണം നടത്തി. തന്റെ പുതിയ പുസ്തകരചനയുമായി ബന്ധപ്പെട്ടാണ് ക്ഷേത്രത്തിൽ എത്തിയതെന്ന് ജീവനക്കാരോട് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അര മണിക്കൂറിൽ താഴെ സമയം ക്ഷേത്രത്തിൽ ചെലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. എന്നാൽ, അദ്ദേഹം ക്ഷേത്രത്തിനകത്തേക്ക് പ്രവേശിച്ച കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ക്ഷേത്രം ജീവനക്കാർ പ്രതികരിച്ചു.
അതേസമയം, പി. ജയരാജന്റെ ക്ഷേത്ര സന്ദർശനം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്.
ക്ഷേത്രവും ദൈവവും ഇല്ലെന്ന് പ്രസംഗിക്കുന്നവർ ഒളിച്ചും പതുങ്ങിയും ക്ഷേത്രത്തിൽ എത്തുന്നതെന്തിനാണെന്ന് ചോദിച്ച് ബിജെപി, ആർഎസ്എസ് പ്രവർത്തകർ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി. കൊച്ചിയിലേക്കുള്ള യാത്രാമധ്യേ ചായ കുടിക്കാൻ നിർത്തിയപ്പോൾ ക്ഷേത്രം സന്ദർശിച്ചു എന്ന ജയരാജന്റെ പ്രസ്താവനയും വിവാദമായി.
സംഭവം വിവാദമായതോടെ ഫേസ്ബുക്കിലൂടെ വിശദീകരണവുമായി പി. ജയരാജൻ രംഗത്തെത്തി.
“ഈ മാസം അവസാനം പ്രകാശനം ചെയ്യുന്ന സനാതനികളുടെ ഹിന്ദുത്വ വഴികൾ എന്ന തന്റെ പുസ്തക രചനയുമായി ബന്ധപ്പെട്ടാണ് ക്ഷേത്രത്തിൽ എത്തിയതെന്നും ക്ഷേത്ര സന്ദർശനവും ക്ഷേത്ര ദർശനവും രണ്ടാണെന്നും പി. ജയരാജൻ സമൂഹമാധ്യമത്തിൽ കുറിച്ചു.
ഹിന്ദു വിഭാഗങ്ങളിലെ ആരാധനാലയങ്ങളിലെ വൈവിധ്യം പുസ്തകത്തിൽ സൂചിപ്പിക്കുന്നുണ്ട്. കൊടുങ്ങല്ലൂർ കാവിനെ ഇതിൽ പ്രതിപാദിക്കുന്നുണ്ട്.
ഇതിന്റെ ഭാഗമായാണ് കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

