തിരുവമ്പാടി ടൗണിലും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ രണ്ടാഴ്ചയായി ആഫ്രിക്കൻ ഒച്ചുകളുടെ സാന്നിധ്യം വർധിച്ചത് ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നു. തിരുവമ്പാടി കെഎസ്ആർടിസി ഗാരിജ് പരിസരം, പഞ്ചായത്ത് ഓഫിസിന് മുൻപിലെ ഒഴിഞ്ഞ പ്രദേശം എന്നിവിടങ്ങളിലാണ് ഒച്ചുകൾ കൂട്ടത്തോടെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
വേനൽക്കാലത്ത് മണ്ണിനടിയിൽ കഴിഞ്ഞിരുന്ന ഒച്ചുകൾ വേനൽമഴ ലഭിച്ചതോടെയാണ് പുറത്തുവന്നത്. വാഴ, ഇഞ്ചി, മഞ്ഞൾ, ചേമ്പ്, കാബേജ് തുടങ്ങി വിവിധ പച്ചക്കറി വിളകളുടെ ഇലകൾ തിന്നു നശിപ്പിക്കുന്നത് കർഷകർക്ക് വലിയ ഭീഷണിയാണെന്ന് തിരുവമ്പാടി കൃഷി ഓഫിസർ മുഹമ്മദ് ഫാസിൽ വ്യക്തമാക്കി.
ഇവയുടെ സ്രവം അലർജിക്ക് കാരണമാകാൻ സാധ്യതയുള്ളതിനാൽ ഒച്ചുകളെ കൈകാര്യം ചെയ്യുമ്പോൾ നിർബന്ധമായും കയ്യുറകൾ ധരിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. രാസകീടനാശിനികൾക്ക് പുറമെ ജൈവരീതിയിലുള്ള പ്രതിരോധ മാർഗങ്ങളും സ്വീകരിക്കാവുന്നതാണ്.
പുകയില മിശ്രിതം, തുരിശു ലായനി എന്നിവ പ്രയോഗിക്കുന്നതിനൊപ്പം ഉപ്പും വിന്നാഗറും ചേർത്തുള്ള മിശ്രിതം തളിക്കുന്നത് ഫലപ്രദമാണെന്ന് ചില കർഷകർ സാക്ഷ്യപ്പെടുത്തുന്നു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ടിന്റെ അധ്യക്ഷതയിൽ ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് മേധാവികളുടെയും യോഗം ചേർന്നു.
ഇതിന്റെ ഭാഗമായി നാളെ രാവിലെ 7.30 മുതൽ ശല്യം രൂക്ഷമായ ഇടങ്ങളിൽ ജനകീയ പങ്കാളിത്തത്തോടെ ഒച്ച് നശീകരണ പ്രവർത്തനങ്ങളും ബോധവൽക്കരണവും നടക്കും. യോഗത്തിൽ വൈസ് പ്രസിഡന്റ് പി.ആർ.അജിത, സ്ഥിരം സമിതി അധ്യക്ഷരായ മനോജ് സെബാസ്റ്റ്യൻ, ഫിറോസ് ഖാൻ, പഞ്ചായത്ത് അംഗങ്ങളായ ബിജു എണ്ണാർമണ്ണിൽ, മറിയാമ്മ ബാബു, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബൈജു തോമസ്, കൃഷി ഓഫിസർ മുഹമ്മദ് ഫാസിൽ, ഹെൽത്ത് ഇൻസ്പെക്ടർ എം.സുനീർ, കൃഷി അസിസ്റ്റന്റ് കെ.രാജേഷ് എന്നിവർ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

