ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് വിട്ട് ചെന്നൈ സൂപ്പർ കിംഗ്സിലെത്തിയതിന് പിന്നാലെ ചെന്നൈയിലെ ആരാധകർക്കിടയിൽ വലിയ സ്വീകാര്യതയാണ് മലയാളി താരം സഞ്ജു സാംസൺ നേടിയെടുത്തിരിക്കുന്നത്. താരപരിവേഷങ്ങളില്ലാതെ ആരാധകർക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുന്ന സഞ്ജുവിന്റെ പുതിയ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.
സുരക്ഷാ ഉദ്യോഗസ്ഥരുടെയോ മറ്റ് സുരക്ഷാ സംവിധാനങ്ങളുടെയോ അകമ്പടിയില്ലാതെ ചെന്നൈയിലെ ബീച്ചിലെത്തിയ സഞ്ജു, അവിടെ ക്രിക്കറ്റ് കളിക്കുകയായിരുന്ന പ്രാദേശിക താരങ്ങൾക്കൊപ്പം ചേർന്നു. വലംകൈയ്യൻ ബാറ്ററായ താരം ബീച്ചിൽ വെച്ച് ഇടംകൈയ്യനായാണ് ബാറ്റിംഗ് നടത്തിയത്.
പ്രാദേശിക കളിക്കാർ എറിഞ്ഞ പന്ത് സിക്സറിലേക്ക് പറത്തിയ സഞ്ജു, ഏറെ നേരം ആരാധകർക്കൊപ്പം സമയം ചിലവഴിച്ച ശേഷമാണ് മടങ്ങിയത്. മടങ്ങുന്നതിന് മുൻപ് പ്രശസ്തമായ ‘തട്രോം…തൂക്രോം’ ഡയലോഗ് ആരാധകരെക്കൊണ്ട് പറയിപ്പിക്കാനും അദ്ദേഹം മറന്നില്ല.
ചെന്നൈ ആരാധകർ തനിക്ക് നൽകുന്ന സ്നേഹത്തെക്കുറിച്ച് ‘സൂപ്പർ കിംഗ്സ് പോഡ്കാസ്റ്റിൽ’ സഞ്ജു നേരത്തെ പ്രതികരിച്ചിരുന്നു. “ട്രേഡ് ചർച്ചകൾ നടക്കുമ്പോൾ തന്നെ ചെന്നൈ ആരാധകർ തന്നെ സ്വീകരിച്ചിരുന്നുവെന്ന് സഞ്ജു പറഞ്ഞിരുന്നു.
എവിടെ വെച്ച് ഒരു തമിഴ്നാട്ടുകാരനെ കണ്ടാലും ‘സഞ്ജു സിഎസ്കെയിലേക്ക് വരൂ’ എന്നാണ് അവർ പറഞ്ഞിരുന്നത്. ഇപ്പോൾ ഈ മഞ്ഞ ജേഴ്സി അണിയുമ്പോൾ എനിക്ക് വലിയ ഉത്തരവാദിത്തം തോന്നുന്നു.
ഒരു ഷോട്ട് കളിക്കുന്നതിന് മുൻപ് ഞാൻ രണ്ടുതവണ ചിന്തിക്കും, ആരാധകരെ നിരാശപ്പെടുത്താൻ എനിക്ക് കഴിയില്ല” എന്നും താരം കൂട്ടിച്ചേർത്തിരുന്നു. പ്രകടനം കൊണ്ടും പെരുമാറ്റം കൊണ്ടും ചെന്നൈ ആരാധകരുടെ പ്രിയങ്കരനായി മാറുകയാണ് സഞ്ജു.
ഈ സീസണിൽ സിഎസ്കെയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും സഞ്ജുവാണ്. 11 മത്സരങ്ങളിൽ നിന്ന് 430 റൺസാണ് താരം അടിച്ചുകൂട്ടിയത്.
ഇതിൽ രണ്ട് സെഞ്ചുറികളും ഒരു അർധസെഞ്ചുറിയും ഉൾപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

