കേരള നിയമസഭാ നടപടികളിൽ പൊതുജനങ്ങൾക്കും ചോദ്യങ്ങൾ ചോദിക്കാനുള്ള പുതിയ പരിഷ്കാരം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ പുരോഗമിക്കുന്നതായി സ്പീക്കർ വ്യക്തമാക്കി. ജനാധിപത്യത്തിന്റെ പുതിയ മുഖമെന്ന നിലയിലാണ് ഈ ആശയം മുന്നോട്ടുവെച്ചിട്ടുള്ളതെന്നും, ഇതിനായി കൂടുതൽ നിയമപരമായ പരിശോധനകളും ചർച്ചകളും ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ നിർദേശം അവതരിപ്പിച്ചത് മുതൽ വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തിരഞ്ഞെടുത്ത ചോദ്യങ്ങൾ സഭയിൽ അവതരിപ്പിക്കാനും, അതുവഴി ജനങ്ങളുടെ പ്രശ്നങ്ങൾ സർക്കാരിന്റെയും സമൂഹത്തിന്റെയും ശ്രദ്ധയിൽ കൊണ്ടുവരാനുമാണ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ നിയമസഭാ സമ്മേളനങ്ങളുടെ അടിസ്ഥാനത്തിൽ ഭരണ–പ്രതിപക്ഷ അംഗങ്ങളുടെ പ്രവർത്തനങ്ങൾ മികച്ചതാണെന്ന് വിലയിരുത്തിയ അദ്ദേഹം, ഇരുഭാഗത്തും അനുഭവസമ്പത്തുള്ള ധാരാളം പേരുണ്ടെന്നും കൂട്ടിച്ചേർത്തു. ജനമധ്യത്തിൽ ചെയ്യുന്ന ഓരോ കാര്യവും ശ്രദ്ധാപൂർവം വേണമെന്ന് തിരിച്ചറിഞ്ഞാണ് ജനപ്രതിനിധികൾ പ്രവർത്തിക്കുന്നത്.
സഭയിലുള്ള പുതുമുഖങ്ങൾ നിയമനിർമാണ പ്രക്രിയയിൽ സജീവമായി ഇടപെടണമെന്നും, നാളത്തെ കേരളത്തിന് മാതൃകയാകാവുന്ന നേതാക്കളായി അവർ വളർന്നു വരണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മികച്ച പാർലമെന്റേറിയനെ കണ്ടെത്തി സഭയുടെ വകയായി അവാർഡ് നൽകുന്നതും നിലവിൽ പരിഗണനയിലുണ്ട്.
കഴിഞ്ഞ സമ്മേളനങ്ങളിൽ സഭയിലെ അച്ചടക്കക്കുറവുകളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. സഭയിൽ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ മുന്നിലൂടെ നടക്കുക, സഭാനാഥന് പുറംതിരിഞ്ഞ് നിൽക്കുക തുടങ്ങിയ കാര്യങ്ങളിൽ പലർക്കും അവബോധമില്ലായിരുന്നുവെന്നും, എഴുതിക്കൊണ്ടുവരുന്ന പ്രസംഗങ്ങൾ അതേപടി വായിക്കുന്ന രീതി അഭികാമ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
സഭയിൽ ബഹളമുണ്ടാകുമ്പോൾ വാച്ച് ആൻഡ് വാർഡിനെ വിളിക്കുന്ന രീതിയോട് അദ്ദേഹത്തിന് യോജിപ്പില്ല. ജനങ്ങൾ തിരഞ്ഞെടുത്ത ജനനേതാക്കളെ നിയന്ത്രിക്കാനായി പൊലീസിനെ നിയോഗിക്കുന്നത് ശരിയല്ലെന്നും, സ്വയം നിയന്ത്രണമാണ് വേണ്ടതെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.
പുതിയ മന്ത്രിമാരുടെ പ്രവർത്തനങ്ങളെയും അദ്ദേഹം പ്രശംസിച്ചു. പുതുമുഖങ്ങൾ എന്ന പരിമിതികളില്ലാതെ അതതു വകുപ്പുകളുമായി താദാത്മ്യം പ്രാപിച്ച് മികച്ച രീതിയിലാണ് പുതിയ മന്ത്രിമാർ പ്രവർത്തിക്കുന്നത്.
പ്രതിപക്ഷ ഉപനേതാവിനെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ, പ്രതിപക്ഷമാണ് പേര് നിർദേശിക്കേണ്ടതെന്നും, അത്തരത്തിൽ പേരു നൽകിയാൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

