സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സംവിധായകൻ നിതീഷ് തിവാരിയുടെ ബ്രഹ്മാണ്ഡ ചിത്രം ‘രാമായണം’ ആദ്യ ഭാഗത്തിന്റെ റിലീസ് തീയതി അണിയറപ്രവർത്തകർ ഔദ്യോഗികമായി പുറത്തുവിട്ടു. നവരാത്രിയുടെ ആദ്യ ദിനത്തിലാണ് ചിത്രം 2026 നവംബർ 5-ന് തിയേറ്ററുകളിൽ എത്തുമെന്ന് പ്രഖ്യാപിച്ചത്.
“യേ റാം കെ യുഗ് കാ ആരംഭ് ഹൈ” എന്ന പ്രത്യേക സന്ദേശത്തോടുകൂടിയാണ് പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്. കൂടാതെ, ഈ ദസറ മുതൽ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിക്കുമെന്നും നിർമ്മാതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.
നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും എട്ട് തവണ ഓസ്കർ പുരസ്കാരം നേടിയ പ്രമുഖ വിഷ്വൽ ഇഫക്റ്റ്സ് സ്റ്റുഡിയോയായ ഡിഎൻഇജിയും യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് എന്നീ അഞ്ച് ഭാഷകളിലായിട്ടാണ് ചിത്രം പുറത്തിറങ്ങുന്നത്.
ചിത്രത്തിന്റെ ഒഫിഷ്യൽ റിലീസ് ഡേറ്റ് പോസ്റ്റർ ഇതിനോടകം തന്നെ സിനിമാ ലോകത്ത് വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. കഥാപാത്രങ്ങളുടെ ആകർഷകമായ ലുക്കും ചിത്രത്തിന്റെ വലിയ ക്യാൻവാസും വ്യക്തമാക്കുന്ന തരത്തിലാണ് പോസ്റ്റർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
മനം മയക്കുന്ന ദൃശ്യവിസ്മയമായാണ് ചിത്രത്തിന്റെ ട്രെയിലർ അടുത്തിടെ പുറത്തുവിട്ടിരുന്നത്. സോണി പിക്ചേഴ്സ് ആണ് ചിത്രത്തിന്റെ അന്താരാഷ്ട്ര വിതരണം ഏറ്റെടുത്തിരിക്കുന്നത്.
ഉത്തരേന്ത്യയിൽ ധർമ്മ പ്രൊഡക്ഷൻസാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്. ഇന്ത്യൻ സിനിമ കണ്ട
ഏറ്റവും വലിയ താരനിരയാണ് ഈ ഇതിഹാസ സിനിമയ്ക്കായി അണിനിരക്കുന്നത്. ഇന്ത്യയിലും അതിരുകൾക്കപ്പുറത്തും തലമുറകളായി ആരാധിക്കപ്പെടുന്ന ധർമ്മബോധത്തിന്റെ പ്രതീകമായ ശ്രീരാമനെ രൺബീർ കപൂർ അവതരിപ്പിക്കുന്നു.
സീതാദേവിയായി സായ് പല്ലവി എത്തുമ്പോൾ ലാളിത്യവും കരുത്തും അനുകമ്പയും ആ കഥാപാത്രത്തിന് അവർ പകർന്നു നൽകുന്നു. പ്രൈം ഫോക്കസ് സ്റ്റുഡിയോസിനൊപ്പം തന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിലൂടെ ഈ ചിത്രം നിർമ്മിക്കുന്ന പാൻ-ഇന്ത്യൻ സൂപ്പർ താരം ‘റോക്കിംഗ് സ്റ്റാർ’ യഷ്, ലോകസിനിമ കണ്ട
ഏറ്റവും ശക്തനും അജയ്യനുമായ പ്രതിനായകന്മാരിൽ ഒരാളായ രാവണനായി ചിത്രത്തിൽ എത്തുന്നു. മലയാളികളുടെ പ്രിയനടി ശോഭന കൈകേയിയായി വേഷമിടുന്നു എന്നത് മലയാളികൾക്ക് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന ആകർഷണമാണ്.
പണ്ട് ടെലിവിഷൻ രാമായണ പരമ്പരയിൽ ശ്രീരാമനായി എത്തി ജനഹൃദയങ്ങൾ കീഴടക്കിയ അരുൺ ഗോവിൽ ദശരഥ മഹാരാജാവായി തിരിച്ചെത്തുന്നു. ‘ദംഗൽ’ എന്ന ചിത്രത്തിലൂടെ ചൈന അടക്കമുള്ള ആഗോള വിപണികളിൽ ബോക്സ് ഓഫീസ് റെക്കോർഡുകൾ സൃഷ്ടിക്കുകയും, അതേസമയം ഇന്ത്യൻ വൈകാരികതയിലും സംസ്കാരത്തിലും ആഴത്തിൽ വേരൂന്നിയ കഥപറച്ചിൽ രീതിയിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ സ്വീകരിച്ചതുമായ പ്രശസ്ത സംവിധായകൻ നിതീഷ് തിവാരിയെയും, ഇന്ത്യൻ സിനിമയിലെ വിവിധ തലമുറകളിലെ പ്രതിഭകളെയും നമിത് മൽഹോത്രയുടെ ‘രാമായണം’ ഒന്നിപ്പിക്കുകയാണ്.
ലക്ഷ്മണനായി രവി ദുബെയും വിശ്വാമിത്ര മഹർഷിയായി അജിങ്ക്യ ദേവും ഇന്ദ്രദേവനായി കുനാൽ കപൂറൂം ശൂർപ്പണഖയായി രാകുൽ പ്രീത് സിംഗുമാണ് എത്തുന്നത്. ഓസ്കർ ജേതാക്കളായ സംഗീത ഇതിഹാസങ്ങൾ ഹാൻസ് സിമ്മറും എ ആർ റഹ്മാനും ആദ്യമായി ഒന്നിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.
ഓസ്കർ ജേതാവായ ശ്രീധർ രാഘവനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. എട്ട് തവണ അക്കാദമി അവാർഡ് നേടിയ പ്രശസ്ത വി.എഫ്.എക്സ് സ്റ്റുഡിയോയായ ഡിഎൻഇജി ആണ് ചിത്രത്തിലെ ദൃശ്യവിസ്മയങ്ങൾക്ക് പിന്നിൽ.
“രാമായണം എന്നത് കേവലം ഒരു കഥ മാത്രമല്ല, അത് നമ്മുടെ ജീവിതത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമാണ്. ഇന്ത്യയുടെ ഏറ്റവും വലിയ ഇതിഹാസം അതിന്റെ എല്ലാ ഭൗതിക സൗന്ദര്യത്തോടും അന്തസ്സോടും കൂടെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം” എന്ന് നിർമ്മാതാവ് നമിത് മൽഹോത്ര ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.
രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ഈ സിനിമാ പരമ്പരയുടെ ആദ്യ ഭാഗം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയതും വലിയതുമായ പ്രൊജക്ടുകളിൽ ഒന്നാണ്. ചിത്രത്തിന്റെ പി.ആർ.ഒ ആതിര ദിൽജിത്ത് ആണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

