രാജകുമാരി മേഖലയിലെ കർഷകരിൽ ആശങ്ക പടർത്തി ലാൻഡ് റവന്യു കമ്മിഷണറുടെ പുതിയ ഏലപ്പാട്ട ശുപാർശകൾ.
ഏലപ്പാട്ടം പുതുക്കുന്നതുമായി ബന്ധപ്പെട്ട് ലാൻഡ് റവന്യു കമ്മിഷണർ റവന്യു സെക്രട്ടറിക്ക് സമർപ്പിച്ച നിർദ്ദേശങ്ങളാണ് കർഷകർക്കിടയിൽ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 24നാണ് ലാൻഡ് റവന്യു കമ്മിഷണർ റവന്യു സെക്രട്ടറിക്ക് ഈ ശുപാർശകൾ സമർപ്പിച്ചത്.
1961ലെ കാർഡമം പാട്ട ചട്ടങ്ങൾ കാലോചിതമായി പരിഷ്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ചട്ടഭേദഗതി ശുപാർശകൾ നൽകിയിട്ടുള്ളത്.
പ്രധാന ശുപാർശകൾ ഇവയാണ്:
* 20 വർഷത്തെ പാട്ടക്കാലാവധി 5 വർഷമായി കുറയ്ക്കുക.
* പരമാവധി പാട്ട ഭൂമി 25 ഏക്കറിൽ നിന്ന് 10 ഏക്കർ ആയി ചുരുക്കുക.
* 20 വർഷത്തേക്ക് ഒരു ഹെക്ടറിന് 5000 രൂപയുണ്ടായിരുന്ന പ്രീമിയം തുക 5 വർഷത്തേക്ക് 25000 രൂപയായി ഉയർത്തുക.
* വാർഷിക പാട്ടം 250 രൂപയിൽ നിന്ന് 50,000 രൂപയായി വർധിപ്പിക്കുക.
ദീർഘകാലത്തേക്ക് ഭൂമി പാട്ടത്തിന് നൽകുന്നത് വഴി ഭൂമി കൈമാറ്റം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് ലാൻഡ് റവന്യു കമ്മിഷണറുടെ വിലയിരുത്തൽ. ഏലത്തിന് ആഭ്യന്തര, രാജ്യാന്തര വിപണികളിൽ വൻ തോതിൽ ആവശ്യക്കാരുണ്ടെങ്കിലും 30 വർഷം മുൻപുള്ള സർക്കാർ ഉത്തരവ് പ്രകാരമുള്ള പ്രീമിയം പാട്ട
നിരക്കുകളാണ് ഇപ്പോഴും ഈടാക്കുന്നത്. ഇതാണ് പാട്ടത്തുക വർധിപ്പിക്കാൻ കാരണമായി കത്തിൽ ചൂണ്ടിക്കാണിക്കുന്നത്.
കഴിഞ്ഞ ജൂലൈയിൽ കുമളി കാർഡമം സെറ്റിൽമെന്റ് ഓഫിസിൽ ലാൻഡ് റവന്യു കമ്മിഷണറുടെ ഓഫിസ് സംഘം 2 ദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ വൻ ക്രമക്കേടുകളും ഓഫിസിന്റെ കെടുകാര്യസ്ഥതയും കണ്ടെത്തിയിരുന്നു. ഈ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഏലപ്പാട്ട
ചട്ട ഭേദഗതി ശുപാർശകൾ തയാറാക്കിയതെന്നാണ് ലഭ്യമാകുന്ന വിവരം.
എന്നാൽ, ഏലപ്പാട്ടത്തിൽ കാലോചിതമായ പരിഷ്കരണം ആവശ്യമാണെങ്കിലും കർഷകരെ പ്രതികൂലമായി ബാധിക്കുന്ന മറ്റ് ഭേദഗതികളൊന്നും ഉണ്ടാകില്ലെന്നാണ് സർക്കാരിന്റെ വിശദീകരണം. ലാൻഡ് റവന്യു കമ്മിഷണറുടെ ഈ ശുപാർശകളിൽ റവന്യു വകുപ്പ് ഇതുവരെ ഔദ്യോഗികമായി തുടർ നടപടികളിലേക്ക് കടന്നിട്ടില്ല.
കൂടാതെ, കാർഡമം സെറ്റിൽമെന്റ് ഓഫിസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഇത് കലക്ടറേറ്റിലേക്ക് മാറ്റുന്നതും റവന്യു വകുപ്പിന്റെ സജീവ പരിഗണനയിലുണ്ട്. ശുപാർശകൾ തള്ളണമെന്ന് കിഫ
പാട്ട
നിരക്കുകളിൽ കാലോചിതവും ന്യായവുമായ വർധന വരുത്തേണ്ടതാണെന്ന് കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ വ്യക്തമാക്കി. എന്നാൽ പാട്ടക്കാലാവധി 5 വർഷത്തേക്കും ഭൂമിയുടെ അളവ് 10 ഏക്കറായും ചുരുക്കുന്നതിനുള്ള ശുപാർശകൾ സർക്കാർ പൂർണ്ണമായും തള്ളിക്കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

