സിനിമാക്കഥയെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള ഒരു കെഎസ്ആർടിസി ‘ബസ് മാറ്റത്തിന്’ ഇന്നലെ ചേർത്തല സാക്ഷിയായി. തിരുവനന്തപുരത്തുനിന്നു കോയമ്പത്തൂരിലേക്കു പുറപ്പെട്ട
സൂപ്പർ ഫാസ്റ്റ് ബസിന് കോടതി കേസിൽ ഹാജരാകാൻ തിരുവനന്തപുരത്തേക്കു മടങ്ങാനുള്ള നിർദേശം ലഭിക്കുകയായിരുന്നു. യാത്ര പാതിവഴിയിൽ മുടങ്ങുമെന്ന ആശങ്കയിലായത് അൻപതോളം യാത്രക്കാരാണ്.
ഞായറാഴ്ച രാത്രി 7 മണിയോടെ ചേർത്തല മതിലകം ആശുപത്രിക്കു സമീപത്തായിരുന്നു അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത്. യാത്രക്കാർക്കു ഭക്ഷണം കഴിക്കാനായി ചേർത്തലയിലെ ഒരു ഹോട്ടലിനു മുന്നിൽ ബസ് നിർത്തിയിട്ടിരിക്കുകയായിരുന്നു.
ഇതിനിടയിലാണു ഒരു കേസിന്റെ ആവശ്യത്തിനായി ഹാജരാക്കുന്നതിനു ബസ് ഉടൻ തന്നെ തിരുവനന്തപുരത്തേക്കു തിരികെ എത്തിക്കണമെന്നു കണ്ടക്ടർക്കു അടിയന്തര നിർദേശം ലഭിക്കുന്നത്. എന്നാൽ കഥയിലെ യഥാർത്ഥ ട്വിസ്റ്റ് കെഎസ്ആർടിസി തന്നെ നടപ്പിലാക്കുകയാണുണ്ടായത്.
എറണാകുളം ഭാഗത്തു നിന്നു തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന മറ്റൊരു കെഎസ്ആർടിസി ബസും യാത്രക്കാരും ഭക്ഷണം കഴിക്കുന്നതിനായി ഇതേ ഹോട്ടൽ മുറ്റത്ത് എത്തിച്ചേർന്നു. തുടർന്ന് അധികൃതരുടെ നേതൃത്വത്തിൽ രണ്ട് ബസുകളും നേരേ തിരിച്ചിട്ടു.
കോയമ്പത്തൂർക്ക് പുറപ്പെട്ട ബസ് തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്തിനുള്ള ബസ് കോയമ്പത്തൂരിലേക്കുമുള്ള യാത്രക്കാരെ കയറ്റി.
അര മണിക്കൂറോളം നീണ്ട ആശങ്കയ്ക്കൊടുവിൽ യാത്രക്കാർക്ക് ആശ്വാസം പകർന്ന് ബസുകൾ അതത് ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര തുടർന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

