പാലക്കാട് നഗരസഭാ യോഗത്തിൽ വന്ദേമാതരം പൂർണമായി പാടുന്നതിനെതിരായ പ്രമേയത്തെ ചൊല്ലി ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ സംഘർഷവും കയ്യാങ്കളിയും. സ്ഥിതിഗതികൾ നിയന്ത്രണാതീതമായതിനെ തുടർന്ന് അധ്യക്ഷൻ യോഗം പിരിച്ചുവിടുകയും ദേശീയഗാനം ആലപിക്കുകയും ചെയ്തു.
ഇതോടെ സന്നിഹിതരായിരുന്ന എല്ലാ അംഗങ്ങളും അറ്റൻഷനായി എഴുന്നേറ്റു നിൽക്കുകയും തർക്കങ്ങൾ അവസാനിക്കുകയും ചെയ്തു. ഇതിനിടെ 2 ബിജെപി അംഗങ്ങൾ മുസ്ലിം ലീഗ് കക്ഷിനേതാവിനോട് ‘പാക്കിസ്ഥാനിലേക്ക് പോകാൻ’ ആവശ്യപ്പെട്ടതായി ഗുരുതര ആരോപണവും ഉയർന്നിട്ടുണ്ട്.
തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ ചർച്ച ചെയ്യാനാണ് അടിയന്തര കൗൺസിൽ യോഗം ചേർന്നത്.
ബിജെപി ഭരണത്തിലുള്ള പാലക്കാട് നഗരസഭയിൽ കഴിഞ്ഞ യോഗം മുതൽ വന്ദേമാതരം പൂർണമായി ആലപിക്കുന്നുണ്ട്. ഇന്നലത്തെ യോഗത്തിൽ വന്ദേമാതരത്തിന് മുന്നോടിയായി യുഡിഎഫ് അംഗങ്ങൾ കൗൺസിൽ ഹാൾ വിട്ട് പുറത്തുപോയിരുന്നു.
എന്നാൽ സിപിഎം അംഗങ്ങൾ ആദ്യഭാഗം കഴിയുന്നതുവരെ എഴുന്നേറ്റു നിന്ന ശേഷം പിന്നീട് സീറ്റിലിരിക്കുകയാണ് ചെയ്തത്. ആലാപനം പൂർത്തിയായ ഉടൻ തിരിച്ചെത്തിയ യുഡിഎഫ് അംഗങ്ങൾ, വന്ദേമാതരം ആദ്യഭാഗം മാത്രമേ കേൾപ്പിക്കാവൂ എന്നും ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിക്കാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ അടിയന്തര കൗൺസിൽ യോഗമായതിനാൽ ഇതിന് അനുമതി നൽകാനാകില്ലെന്ന് അധ്യക്ഷൻ പി.സ്മിതേഷ് വ്യക്തമാക്കി. എങ്കിലും അംഗങ്ങളുടെ അഭിപ്രായങ്ങൾ കേൾക്കാൻ തയാറാണെന്ന് അദ്ദേഹം അറിയിച്ചു.
യുഡിഎഫ് വീണ്ടും അനുമതി ആവശ്യപ്പെട്ടെങ്കിലും അധ്യക്ഷൻ ഇത് നിഷേധിച്ചു. സമാനമായ ആവശ്യം എൽഡിഎഫും ഉന്നയിച്ചിരുന്നു.
തുടർന്ന് യുഡിഎഫ്, എൽഡിഎഫ് അംഗങ്ങൾ അധ്യക്ഷന്റെ ഡയസിന് മുന്നിലെത്തി പ്രതിഷേധിച്ചു. ഇവരെ പ്രതിരോധിക്കാൻ ബിജെപി അംഗങ്ങൾ കൂടി എത്തിയതോടെ സഭയിൽ പോർവിളി ആരംഭിച്ചു.
തർക്കം രൂക്ഷമായതിനെ തുടർന്ന് ബിജെപി സ്ഥിരം സമിതി അധ്യക്ഷൻ എം.ശശികുമാറും മുസ്ലിം ലീഗ് കക്ഷിനേതാവ് ബഷീർ പൂളക്കാടും തമ്മിൽ കയ്യാങ്കളിയുണ്ടായി. മുതിർന്ന നേതാക്കൾ ഇടപെട്ടാണ് ഇരുവരെയും പിടിച്ചുമാറ്റിയത്.
ഈ സംഘർഷത്തിനിടയിലാണ് ‘പാക്കിസ്ഥാനിലേക്കു പോകാൻ’ ആവശ്യപ്പെട്ടുവെന്ന ആരോപണം ഉയർന്നത്. ഇതിനെത്തുടർന്ന് അധ്യക്ഷൻ യോഗം താൽക്കാലികമായി നിർത്തിവച്ച് കക്ഷിനേതാക്കളുമായി ചർച്ച നടത്തി.
ചർച്ചയ്ക്ക് ശേഷം വീണ്ടും യോഗം ആരംഭിച്ചെങ്കിലും തർക്കങ്ങളും ഉന്തും തള്ളും തുടർന്നു. യോഗം അവസാനിപ്പിക്കുന്നതായി അധ്യക്ഷൻ പ്രഖ്യാപിച്ചിട്ടും പ്രതിഷേധം ശക്തമായതോടെ ദേശീയഗാനം വെക്കുകയായിരുന്നു.
അതേസമയം, ആരെയും പാക്കിസ്ഥാനിലേക്കു പോകാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും മറിച്ച് യുഡിഎഫ് അംഗങ്ങളാണ് തങ്ങളെ മർദിച്ചതെന്നുമാണ് ബിജെപി നിയോജക മണ്ഡലം പ്രസിഡന്റും നഗരസഭ സ്ഥിരം സമിതി അധ്യക്ഷനുമായ എം.ശശികുമാറിന്റെ വിശദീകരണം. വന്ദേമാതരത്തെ അപമാനിക്കുന്ന നിലപാടുകളെയാണ് ബിജെപി എതിർത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

