മുൻ കാമുകിക്ക് സമ്മാനങ്ങളായി നൽകിയ കോടികൾ തിരിച്ചുപിടിക്കാൻ ശ്രമിച്ച പ്രമുഖ വ്യവസായിക്ക് നിയമപോരാട്ടത്തിൽ പരാജയം. സിംഗപ്പൂർ ടി.സി.ഐ എക്സ്പ്രസ് സി.ഇ.ഒ ചന്ദർ അഗർവാൾ മുൻ കാമുകിയായ ഫെലിസിയ ലീയുമായുള്ള കേസിലാണ് പരാജയപ്പെട്ടത്.
370,000 ഡോളർ തിരിച്ചുപിടിക്കാൻ നൽകിയ ഹർജിയാണ് സിംഗപ്പൂർ ഹൈക്കോടതി തള്ളിക്കളഞ്ഞത്. ആഡംബര ബ്രാൻഡുകളായ ഹെർമെസ്, ഡിയോർ, പ്രാഡ എന്നിവയിൽ നിന്നുള്ള സമ്മാനങ്ങൾ, വിമാന ടിക്കറ്റുകൾ, ലൈഫ് ഇൻഷുറൻസ് പ്രീമിയം എന്നിവയ്ക്കായി ചെലവഴിച്ച തുക വായ്പയാണെന്നായിരുന്നു ചന്ദർ അഗർവാൾ കോടതിയിൽ വാദിച്ചത്.
എന്നാൽ, സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും പുറത്താണ് തനിക്ക് ഈ സമ്മാനങ്ങൾ ലഭിച്ചതെന്ന് വ്യക്തമാക്കി ഫെലിസിയ ലീയു ഈ വാദത്തെ പ്രതിരോധിച്ചു. 2019-ൽ ഒരു വിമാനയാത്രയിലാണ് ഇരുവരും പരിചയപ്പെടുന്നത്.
തുടർന്ന് പ്രണയത്തിലായ ഇവർ 2023-ൽ ബന്ധം അവസാനിപ്പിച്ചിരുന്നു. കാമുകി ചതിച്ചതായി സംശയിച്ചതിനെ തുടർന്നാണ് ബന്ധം തകർന്നത്.
തുടർന്ന് 2024 മാർച്ച് മാസത്തിലാണ് തുക തിരിച്ചുചോദിച്ച് അഗർവാൾ കോടതിയെ സമീപിച്ചത്. എന്നാൽ, ബന്ധം തകർന്നതിലുള്ള അമർഷം കാരണമാണ് അഗർവാൾ ഇപ്പോൾ പണം തിരിച്ചുചോദിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു.
ഇരുവരും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകളിലോ മറ്റോ ഇതൊരു വായ്പയാണെന്ന് തെളിയിക്കുന്ന യാതൊരുവിധ രേഖകളും ഹാജരാക്കാൻ ഇയാൾക്ക് കഴിഞ്ഞില്ലെന്നും കോടതി വ്യക്തമാക്കി. വിപുലമായ സാമ്പത്തിക ശേഷിയുള്ള അഗർവാൾ കാമുകിയെ വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകി സന്തോഷിപ്പിക്കുകയായിരുന്നുവെന്നും കോടതി വിധിയിൽ ചൂണ്ടിക്കാണിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

