സ്മാർട്ട് ടിവികളിൽ യൂട്യൂബ് ഉപയോഗിക്കുന്നവരുടെ സ്വകാര്യത വർദ്ധിപ്പിക്കുന്നതിനായി പുതിയ ഫീച്ചറുമായി ഗൂഗിൾ രംഗത്ത്. വീടുകളിൽ ഒട്ടനവധി പേർ ഒരേ സ്മാർട്ട് ടിവി ഉപയോഗിക്കുമ്പോൾ മറ്റുള്ളവർ തങ്ങളുടെ പ്രൊഫൈൽ ആക്സസ് ചെയ്യുന്നത് തടയാൻ സഹായിക്കുന്ന ‘അക്കൗണ്ട് ലോക്ക്’ (Account Lock) സംവിധാനമാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.
2025-ൽ യൂട്യൂബ് സിഇഒ നീൽ മോഹൻ (Neal Mohan) ഒരു ബ്ലോഗ് പോസ്റ്റിലൂടെ വ്യക്തമാക്കിയത് മൊബൈൽ ഫോണുകളെ അപേക്ഷിച്ച് ടെലിവിഷനുകളിൽ യൂട്യൂബ് കാണുന്നവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നു എന്നാണ്. ഈ പശ്ചാത്തലത്തിലാണ് സ്മാർട്ട് ടിവി ഉപയോക്താക്കൾക്കായുള്ള ഫീച്ചറുകൾ ഗൂഗിൾ നിരന്തരം പരിഷ്കരിക്കുന്നത്.
വ്യക്തിഗത അക്കൗണ്ടുകൾ നാലക്ക കോഡ് ഉപയോഗിച്ച് സുരക്ഷിതമാക്കാൻ പുതിയ ഫീച്ചറിലൂടെ സാധിക്കും. ഒരേ ടിവി കുടുംബാംഗങ്ങളോ കൂട്ടുപാട്ടുകാരോ പങ്കിട്ട് ഉപയോഗിക്കുമ്പോൾ മറ്റുള്ളവർ നിങ്ങളുടെ പ്രൊഫൈൽ തുറന്ന് യൂട്യൂബ് ശുപാർശകളെയും (recommendations) വാച്ച് ഹിസ്ട്രിയെയും ബാധിക്കുന്നത് ഒഴിവാക്കാൻ ഇത് ഉപകരിക്കും.
നാലക്ക കോഡ് സെറ്റ് ചെയ്തുകഴിഞ്ഞാൽ നിങ്ങളുടെ വ്യക്തിഗത ശുപാർശകളും സബ്സ്ക്രിപ്ഷനുകളും സെർച്ച് ഹിസ്ട്രിയും പൂർണ്ണമായും സുരക്ഷിതമായിരിക്കും. ടിവി റിമോട്ട് ഉപയോഗിക്കുന്നതിന് പുറമെ, സ്മാർട്ട്ഫോണിലെ യൂട്യൂബ് ആപ്പ് വഴിയും ടിവിയിലെ അക്കൗണ്ട് അൺലോക്ക് ചെയ്യാനുള്ള സൗകര്യം ഇതിലുണ്ട്.
സ്മാർട്ട് ടിവിയിലെ യൂട്യൂബ് ആപ്പ് തുറന്ന് ഇടത് വശത്തുള്ള നാവിഗേഷൻ മെനുവിൽ നിന്ന് അക്കൗണ്ട് തെരഞ്ഞെടുത്ത ശേഷം ക്രമീകരണങ്ങൾ (settings) വഴി നാലക്ക കോഡ് സജ്ജമാക്കാവുന്നതാണ്. കോഡ് മറന്നുപോവുകയാണെങ്കിൽ ‘Forgot Code?’ ഓപ്ഷൻ ഉപയോഗിച്ച് അക്കൗണ്ട് ലോക്ക് ഡിസേബിൾ ചെയ്ത് പുതിയ കോഡ് സെറ്റ് ചെയ്യാനുള്ള സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്.
ലോകമെമ്പാടുമുള്ള മിക്ക സ്മാർട്ട് ടിവികളിലും സ്ട്രീമിംഗ് ഡിവൈസുകളിലും ഗെയിമിംഗ് കൺസോളുകളിലും ഈ ഫീച്ചർ ലഭ്യമാക്കിതുടങ്ങിയതായി ഗൂഗിൾ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

