ഫോണിൽ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമല്ലാത്ത സാഹചര്യത്തിലും യു.പി.ഐ (UPI) മുഖേന പണമിടപാടുകൾ നടത്താൻ സഹായിക്കുന്ന നൂതന സംവിധാനവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രംഗത്ത്. ഡിജിറ്റൽ ഇടപാടുകൾ സാധാരണക്കാർക്ക് കൂടുതൽ ലളിതവും സുരക്ഷിതവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്.
‘യു പി ഐ ടാപ്പ് ആൻഡ് പേ’ (UPI Tap and Pay), എ.ഐ അധിഷ്ഠിത കസ്റ്റമർ സപ്പോർട്ട് പ്ലാറ്റ്ഫോമായ ‘മൈ യു പി ഐ’ (MyUPI) എന്നീ പ്രധാന പദ്ധതികളാണ് ആർ.ബി.ഐ ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിച്ചത്. രാജ്യത്തെ മൊത്തം ഡിജിറ്റൽ ഇടപാടുകളുടെ 89 ശതമാനവും നിലവിൽ യു.പി.ഐ വഴിയാണ് നടക്കുന്നത് എന്ന കണക്കുകളുടെ പശ്ചാത്തലത്തിലാണ് ഈ പുതിയ ചുവടുവെപ്പ്.
യു പി ഐ ടാപ്പ് ആൻഡ് പേ (UPI Tap and Pay)
കോൺടാക്റ്റ്ലെസ് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നതിന് സമാനമായ രീതിയിലാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ (NFC) സൗകര്യമുള്ള സ്മാർട്ട്ഫോണുകൾ അൺലോക്ക് ചെയ്ത ശേഷം, എൻ.എഫ്.സി സപ്പോർട്ടുള്ള പി.ഒ.എസ് (POS) മെഷീനിൽ ടാപ്പ് ചെയ്ത് പണമടയ്ക്കാൻ സാധിക്കും.
ഈ പ്രക്രിയയ്ക്ക് ഉപയോക്താവിന്റെ ഫോണിൽ മൊബൈൽ ഡാറ്റ ആവശ്യമായി വരുന്നില്ല എന്നതാണ് പ്രധാന പ്രത്യേകത. പി.ഒ.എസ് മെഷീന്റെ ഇന്റർനെറ്റ് കണക്ഷൻ ഉപയോഗിച്ചാണ് ഇടപാട് വിജയകരമായി പൂർത്തിയാകുന്നത്.
5,000 രൂപ വരെയുള്ള ചെറിയ തുകകളുടെ ഇടപാടുകൾക്ക് യു.പി.ഐ പിൻ (UPI PIN) നൽകേണ്ടതില്ല. എന്നാൽ 5,000 രൂപയ്ക്ക് മുകളിലുള്ള തുകയാണെങ്കിൽ സുരക്ഷ മുൻനിർത്തി പിൻ നമ്പർ നൽകേണ്ടി വരും.
റുപേ (RuPay) ക്രെഡിറ്റ് കാർഡുകൾ ഉൾപ്പെടെ യു.പി.ഐയുമായി ബന്ധിപ്പിച്ചിട്ടുള്ള എല്ലാ അക്കൗണ്ടുകൾ വഴിയും ഉപയോക്താക്കൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. എന്താണ് മൈ യു പി ഐ (MyUPI)?
നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) വികസിപ്പിച്ചെടുത്ത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പിന്തുണയുള്ള ഉപഭോക്തൃ സേവന പ്ലാറ്റ്ഫോമാണ് മൈ യു പി ഐ.
എൻ.പി.സി.ഐയുടെ എഫ്.ഐ.എം.ഐ (FiMI) സ്മോൾ ലാംഗ്വേജ് മോഡലിനെ അടിസ്ഥാനമാക്കിയാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഉപയോക്താവിന്റെ അക്കൗണ്ട് ദുരുപയോഗം ചെയ്യപ്പെട്ടതായി ഏതെങ്കിലും തരത്തിലുള്ള സംശയം തോന്നിയാൽ, യു.പി.ഐ വഴി പണം നഷ്ടപ്പെടുന്നത് പെട്ടെന്ന് തന്നെ തടയാൻ ഈ ഫീച്ചർ സഹായിക്കും.
സ്വന്തം മൊബൈൽ നമ്പർ വഴി വരുന്ന യു.പി.ഐ പേയ്മെന്റുകൾ താൽക്കാലികമായി ലഭിക്കുന്നത് തടയാനും ഇതിലൂടെ സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

