പഞ്ചാബിലെ സർവകലാശാലയിലുണ്ടായ സംഘർഷാവസ്ഥയ്ക്കു പിന്നിൽ വ്യാജവിവരം പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് പിടികൂടി. പഞ്ചാബിലെ പട്യാലയിലുള്ള ചിത്കാര സർവകലാശാല ക്യാംപസിൽ പ്രേതശല്യമുണ്ടെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാജ വിഡിയോകൾ പ്രചരിപ്പിച്ച സംഭവത്തിലാണ് നടപടി.
അംബാല സ്വദേശി ആര്യൻ, നംഗൽ സ്വദേശി ഹിമാൻഷു എന്നിവരാണ് അറസ്റ്റിലായത്. ക്യാംപസിലെ പെൺകുട്ടികളുടെ ഹോസ്റ്റലിൽ മുൻപ് ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും ആ കുട്ടിയുടെ ആത്മാവ് ഹോസ്റ്റലിലെ മറ്റുള്ളവരെ ശല്യം ചെയ്യുന്നുവെന്നും ഉള്ള വിഡിയോകളും സന്ദേശങ്ങളുമാണ് ഇവർ വ്യാപകമായി പ്രചരിപ്പിച്ചത്.
ഇത് സർവകലാശാലാ വിദ്യാർഥികൾക്കിടയിൽ വലിയ തോതിൽ പരിഭ്രാന്തി പരത്തി. തുടർന്ന് ‘പ്രേതശല്യ’ത്തിന് പരിഹാരം കാണണമെന്ന ആവശ്യവുമായി വിദ്യാർഥികൾ ക്യാംപസിൽ വലിയ പ്രതിഷേധം സംഘടിപ്പിക്കുകയും ഇത് അക്രമ സംഭവങ്ങളിലേക്ക് വഴിമാറുകയും ചെയ്തു.
പ്രചരിക്കുന്നത് പൂർണ്ണമായും വ്യാജവിവരമാണെന്നും ക്യാംപസിൽ ഭയപ്പെടേണ്ടതായി യാതൊന്നും ഇല്ലെന്നും സർവകലാശാലാ അധികൃതർ ഔദ്യോഗികമായി അറിയിച്ചിട്ടും വിദ്യാർഥികൾ പ്രതിഷേധത്തിൽ നിന്നും പിൻമാറാൻ തയ്യാറായിരുന്നില്ല. ഈ സംഭവവുമായി ബന്ധപ്പെട്ട് പ്രതികളായ ഇവരെ കൂടാതെ മറ്റ് 10 പേരെക്കൂടി ഇനി പിടികൂടാനുണ്ടെന്ന് ഡിസിപി ബാനുർ സുഖ്ദേവ് സിങ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

