തൃശൂർ ജില്ലയിലെ കുന്നംകുളത്ത് സുപ്രധാനമായ മോഷണ വിവരം പുറത്തുവന്നു. തെക്കേപ്പുറം മാക്കാലിക്കാവ് മഹാകാളി ക്ഷേത്രത്തിലാണ് ഞെട്ടിക്കുന്ന കവർച്ച നടന്നത്.
ശ്രീകോവിൽ കുത്തിത്തുറന്ന് പഞ്ചലോഹത്തിൽ നിർമ്മിതമായ, ഏകദേശം 15 കിലോഗ്രാം തൂക്കം വരുന്ന ഭഗവതിയുടെ വിഗ്രഹമാണ് സംഘം കവർന്നത്. വിഗ്രഹത്തിന് പുറമെ വെള്ളികെട്ടിയ ശംഖും മറ്റ് പൂജാസാമഗ്രികളും നഷ്ടപ്പെട്ടിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് കർശന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സിറ്റി പൊലീസ് കമ്മിഷണർ നകുൽ ആർ.ദേശ്മുഖിന്റെ ഉത്തരവിൻ പ്രകാരം, അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ സാജു കെ.
ഏബ്രഹാമിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയിട്ടുണ്ട്. അറുപതിലേറെ വർഷം പഴക്കമുള്ള ചരിത്രപ്രധാനമായ വിഗ്രഹമാണ് നഷ്ടപ്പെട്ടിട്ടുള്ളത്.
വെള്ളിയാഴ്ച പുലർച്ചെ 5 മണിയോടെയാണ് കീഴ്ശാന്തി എത്തി ക്ഷേത്രം തുറന്നപ്പോൾ മോഷണ വിവരം പുറത്തറിയുന്നത്. ശ്രീകോവിലിന്റെ വാതിൽ തുറന്ന നിലയിൽ കണ്ടതിനെ തുടർന്ന് മേൽശാന്തിയെ വിവരം അറിയിക്കുകയും തുടർന്ന് നടത്തിയ പരിശോധനയിൽ കവർച്ച സ്ഥിരീകരിക്കുകയുമായിരുന്നു.
ക്ഷേത്രത്തിനുള്ളിൽ തന്നെയുള്ള താക്കോൽ ഉപയോഗിച്ചാണ് കവർച്ച നടത്തിയിട്ടുള്ളതെന്നാണ് പ്രാഥമിക നിഗമനം. ശ്രീകോവിൽ പൂട്ടാൻ ഉപയോഗിക്കുന്ന താക്കോൽക്കൂട്ടം പതിവായി സൂക്ഷിക്കുന്നത് ക്ഷേത്രത്തിലെ തിടപ്പള്ളിയിലാണ്.
പിന്നീട് തിടപ്പള്ളി പൂട്ടി ഈ താക്കോൽ സമീപത്തുള്ള അലമാരയിൽ വെക്കുകയാണ് പതിവ്. ഊഴമനുസരിച്ച് എത്തുന്ന ജീവനക്കാർ ക്ഷേത്രം തുറക്കുന്നതിനാൽ ഈ താക്കോൽ പൂട്ടി വെക്കാറില്ലായിരുന്നു.
എന്നാൽ ഇന്നലെ പുലർച്ചെ ക്ഷേത്രം തുറക്കാൻ എത്തിയ ജീവനക്കാരൻ നോക്കിയപ്പോൾ താക്കോൽ അവിടെയുണ്ടായിരുന്നില്ല. അതേസമയം, ഉപദേവതാക്ഷേത്രത്തിലെ വിഗ്രഹങ്ങളും മറ്റ് വസ്തുക്കളും നഷ്ടപ്പെട്ടിട്ടില്ല.
ഭഗവതിക്ക് ചാർത്താനായി സൂക്ഷിച്ചിരുന്ന പട്ടുപയോഗിച്ച് ശ്രീകോവിലിന് സമീപമുള്ള സിസിടിവി ക്യാമറയുടെ ദൃശ്യങ്ങൾ മറച്ച ശേഷമാണ് മോഷ്ടാക്കൾ കൃത്യം നിർവഹിച്ചത്. സംഭവ സ്ഥലത്തുനിന്നും സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും വിരലടയാളങ്ങളും പൊലീസിന്റെ നേതൃത്വത്തിൽ ശേഖരിച്ചിട്ടുണ്ട്.
ഇതിൽ നിന്നും നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന. സമീപത്തുള്ള ഒരു ഫർണിച്ചർ കടയിലെ സിസിടിവി ക്യാമറയിൽ പ്രതിയുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
കടയുടെ മുൻപിൽ ബൈക്കിലെത്തിയ അജ്ഞാതൻ അവിടെ നിന്നും ക്ഷേത്രത്തിലേക്ക് പോകുന്ന ദൃശ്യങ്ങൾ വ്യക്തമാണ്. അന്വേഷണത്തിന്റെ ഭാഗമായി സ്ഥലത്തെത്തിയ പൊലീസ് നായ മണംപിടിച്ച് ക്ഷേത്രത്തിന്റെ ഗേറ്റ് കടന്ന് അഞ്ഞൂർ റോഡിലെ കവാടം വരെ ഓടിയെത്തി.
ഇതിനിടെ, മാക്കാലിക്കാവ് ക്ഷേത്രത്തിന് 500 മീറ്റർ മാത്രം അകലെയുള്ള വാഴപ്പുള്ളി കുടുംബ ക്ഷേത്രത്തിലും സമീപ ദിവസങ്ങളിൽ സമാനമായ രീതിയിൽ മോഷണം നടന്നിരുന്നു. തിരുവോണ നാളിൽ രാത്രി നടന്ന ആ കവർച്ചയിൽ നാല് ഭണ്ഡാരങ്ങൾ കുത്തിപ്പൊളിക്കുകയും നാല് ഗ്രാം തൂക്കമുള്ള താലിയും പണവും ഉൾപ്പെടെ ഏകദേശം 70,000 രൂപ നഷ്ടപ്പെടുകയും ചെയ്തിരുന്നു.
ഇതിന് തൊട്ടുപിന്നാലെയാണ് മാക്കാലിക്കാവ് ക്ഷേത്രത്തിലും കവർച്ച ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം കയ്പമംഗലം ചളിങ്ങാട് പള്ളിനട
വടക്ക് മലയാറ്റിൽ ശ്രീഭഗവതി വിഷ്ണുമായ ക്ഷേത്രത്തിലും മണ്ണംപേട്ട പൂക്കോട് മേടംകുളങ്ങര ക്ഷേത്രത്തിലും സമാനമായ മോഷണങ്ങൾ നടന്നിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

