എറണാകുളം കാക്കനാട് കലക്ടറേറ്റ് സമുച്ചയത്തിൽ സുരക്ഷാ വീഴ്ചകൾ ആവർത്തിക്കുന്നു. മൈനർ ഇറിഗേഷൻ സൂപ്രണ്ടിങ് എൻജിനീയറുടെ ഓഫിസിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന സീലിങ് ഫാൻ അടർന്നു താഴേക്ക് പതിച്ചു.
പുതിയ ബ്ലോക്കിന്റെ മൂന്നാം നിലയിലുള്ള ഈ ഓഫിസിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. ഡ്രാഫ്റ്റ്മാൻ ഡിൽഫിയ പുഷ്ക്കരന്റെ ഇരിപ്പിടത്തിന് മുകളിലെ ഫാനാണ് പൊട്ടിവീണത്.
വൻ ശബ്ദത്തോടെ ഫാൻ താഴേക്ക് പതിച്ച ഉടൻ തന്നെ ജീവനക്കാരി അത്ഭുതകരമായി ചാടിമാറിയതിനാൽ വലിയൊരു ദുരന്തം ഒഴിവാകുകയായിരുന്നു. എങ്കിലും, മേശപ്പുറത്തുണ്ടായിരുന്ന ലാപ്ടോപിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ആകെ 32 ജീവനക്കാർ ജോലി ചെയ്യുന്ന ഓഫിസാണിത്. കലക്ടറേറ്റ് കെട്ടിടത്തിലെ ഓഫിസുകളിൽ കാലപ്പഴക്കം മൂലവും അറ്റകുറ്റപ്പണികളുടെ കുറവുകൊണ്ടും ഉണ്ടാകുന്ന അപകടപരമ്പര ജീവനക്കാരെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
ഇതിനു തൊട്ടുമുമ്പുള്ള ദിവസം, രണ്ടാം നിലയിലെ ആർടി ഓഫിസിൽ സീലിങ്ങിന്റെ കോൺക്രീറ്റ് പാളി തകർന്നു വീണിരുന്നു. ഓഫിസ് സമയത്തായിരുന്നു ഈ അപകടവും.
തൊട്ടടുത്തുണ്ടായിരുന്ന ജീവനക്കാരൻ പെട്ടെന്ന് മാറിനിന്നതുകൊണ്ട് മാത്രമാണ് പരുക്കുകളിൽ നിന്ന് രക്ഷപ്പെട്ടത്. ഈ സംഭവത്തിന്റെ തൊട്ടടുത്ത ദിവസം ആർടി ഓഫിസിലെ പൈപ്പ്ലൈൻ തകർന്ന് ആർടിഒയുടെ ചേംബറിനുള്ളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തിരുന്നു.
തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം സംഭവങ്ങൾ കലക്ടറേറ്റിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെയും ഇവിടെയെത്തുന്ന പൊതുജനങ്ങളുടെയും സുരക്ഷയെക്കുറിച്ച് വലിയ ചോദ്യചിഹ്നമാണുയർത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

