സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് തുടർച്ചയായി വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ച് ജനങ്ങളിൽ ആശങ്ക പരത്തിയ കുറ്റവാളി തമിഴ്നാട് ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ (എ.ടി.എസ്) പിടിയിലായി. തിരുനെൽവേലി അംബാസമുദ്രം സ്വദേശിയായ ശരത് സുബ്രമണ്യ ശങ്കൻ ആണ് ചെന്നൈ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിലായത്.
ഒരാഴ്ച മുൻപ് നടന്ന ഈ അറസ്റ്റിന്റെ വിവരങ്ങൾ അടുത്തിടെയാണ് ഔദ്യോഗികമായി പുറത്തുവിട്ടത്. അമേരിക്കയിൽ സോഫ്റ്റ്വെയർ എൻജിനീയറായി ജോലി ചെയ്തു വരികയായിരുന്ന ഇയാൾ, വ്യാജ വിലാസങ്ങളും ആധുനിക സാങ്കേതിക വിദ്യകളും ദുരുപയോഗം ചെയ്തു കൊണ്ടാണ് വിവിധ സർക്കാരുകളെയും അന്വേഷണ ഏജൻസികളെയും പ്രതിസന്ധിയിലാക്കിയ ഭീഷണി സന്ദേശങ്ങൾ അയച്ചിരുന്നത്.
വി.വി.ഐ.പികളെ വധിക്കുമെന്നും പ്രമുഖ സർക്കാർ സ്ഥാപനങ്ങൾ, വിമാനത്താവളങ്ങൾ എന്നിവടങ്ങളിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്നുമായിരുന്നു ഇയാളുടെ പ്രധാന ഭീഷണികൾ. ഈ വ്യാജ സന്ദേശങ്ങൾ സുരക്ഷാ ഏജൻസികൾക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചത്.
തുടർച്ചയായ ഭീഷണികളുടെ പശ്ചാത്തലത്തിൽ കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജൻസികൾ ഇയാൾക്കായി ശക്തമായ തെരച്ചിൽ നടത്തിവരികയായിരുന്നു. വിദേശത്ത് നിന്നും നാട്ടിലേക്ക് മടങ്ങിയെത്തുന്ന വേളയിൽ ചെന്നൈ വിമാനത്താവളത്തിൽ വെച്ചാണ് തമിഴ്നാട് ഭീകരവിരുദ്ധ സേന ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.
പ്രതിയെക്കുറിച്ചുള്ള കൂടുതൽ ചോദ്യം ചെയ്യലുകൾ പുരോഗമിക്കുകയാണെന്നും വിശദമായ വിവരങ്ങൾ ഉടൻ തന്നെ ലഭ്യമാക്കുമെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

