മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന തമിഴ്നാട് സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കേരളം രംഗത്തെത്തി. വിഷയത്തില്‍ തമിഴ്നാടിനെ ഔദ്യോഗികമായി പ്രതിഷേധം അറിയിക്കുമെന്നും ആവശ്യമായാല്‍ കോടതിയെ സമീപിക്കുന്നതടക്കമുള്ള നടപടികള്‍ പരിഗണിക്കുമെന്നും ജലവിഭവമന്ത്രി മോന്‍സ് ജോസഫ് വ്യക്തമാക്കി.
ഒരു സാഹചര്യത്തിലും മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്താന്‍ അനുവദിക്കില്ലെന്നു മന്ത്രി പറഞ്ഞു. ഡാമിന്റെ സുരക്ഷയാണ് കേരളത്തിന്റെ പ്രധാന ആശങ്കയെന്നും 142 അടി എന്ന നിലപാടില്‍ മാറ്റമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നിലവിലുള്ള കരാറുകളും ട്രൈബ്യൂണല്‍ വിധികളും കോടതി നിര്‍ദേശങ്ങളും അനുസരിച്ച് മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തുമെന്നാണ് തമിഴ്നാട് ബജറ്റില്‍ പ്രഖ്യാപിച്ചത്. ഇക്കാര്യത്തിൽ കേരളത്തിന്റെ വിയോജിപ്പ് തമിഴ്നാടിനെ അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ജലവിഭവകുപ്പിലെ പ്രധാന ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഉന്നതലയോഗം മോൻസ് ജോസഫിന്റെ അധ്യക്ഷതയിൽ സർക്കാർ അടിയന്തരമായി വിളിച്ചു ചേർക്കുകയും നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വി.ഡി.
സതീശനുമായി മോൻസ് ജോസഫ് കൂടിക്കാഴ്ച നടത്തി സർക്കാരിന്റെ നിലപാട് ചർച്ച ചെയ്തു. മുല്ലപ്പെരിയാർ ഡാമിന്റെ കാര്യത്തിൽ കേരളത്തിന്റെ നിലപാട് സുവ്യക്തമാണെന്ന് മന്ത്രി പറഞ്ഞു.
‘‘മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കുക എന്നതാണ് അടിസ്ഥാന നിലപാട്. കേരള ജനതയുടെ സുരക്ഷ ഉറപ്പാക്കാനും തമിഴ്നാടിന് ആവശ്യമായ ജലം ലഭ്യമാക്കാനും കഴിയുന്ന വിധത്തിൽ ഇരു സംസ്ഥാനങ്ങൾക്കും സ്വീകാര്യമായ നിലപാടാണ് കേരളം മുന്നോട്ടു വച്ചത്.
2026 ഡിസംബർ 31 ന് മുമ്പ് നിർവഹിക്കേണ്ടതായ ഡാം സുരക്ഷാ പരിശോധന തമിഴ്നാട് ഇതുവരെ നടപ്പാക്കിയിട്ടില്ല. 131 വർഷത്തെ കാലപ്പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള ആശങ്കകൾ ഗൗരവമായി നിലനിൽക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ സുപ്രീംകോടതി അനുവദിച്ചിരിക്കുന്ന 142 അടിയുടെ മുകളിലേക്ക് ജലനിരപ്പ് ഉയർത്താൻ ഇന്നത്തെ സാഹചര്യത്തിൽ ആർക്കും അവകാശമില്ല.
സുപ്രീംകോടതി നിർദ്ദേശിച്ചിരിക്കുന്ന അടിസ്ഥാന കാര്യങ്ങൾ പോലും പരിഗണിക്കാതെ ഏകപക്ഷീയമായി തമിഴ്നാട് നടത്തിയിട്ടുള്ള പ്രഖ്യാപനത്തോട് കേരളം പരിപൂർണ്ണമായും വിയോജിപ്പ് രേഖപ്പെടുത്തുന്നു’’ – മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി. ഇപ്പോൾ തമിഴ്നാട് വച്ചിരിക്കുന്ന നിർദ്ദേശം സുപ്രീം കോടതിയുടെ നിലപാടിനും നിർദേശത്തിനും നിരക്കാത്തതാണ്.
കേരളത്തിന്റെ താൽപര്യങ്ങൾക്കു മാത്രമല്ല ദേശീയ കാഴ്ചപ്പാടിനുപോലും യോജിക്കാത്ത നിലപാടാണ് തമിഴ്നാട് സ്വീകരിച്ചിരിക്കുന്നത്. ഇരു സംസ്ഥാനങ്ങൾക്കും സ്വീകാര്യമായ പൊതു ധാരണയിലേക്ക് മുല്ലപ്പെരിയാർ പ്രശ്നം എത്തിക്കുന്നതിന് സുപ്രീം കോടതിയുടെയും കേന്ദ്രസർക്കാരിന്റെയും അനുമതിയോടെ കേരള സർക്കാർ സാധ്യമായ പരിശ്രമങ്ങൾ നടത്തുമെന്നു മന്ത്രി വ്യക്തമാക്കി.
ഡാം സേഫ്റ്റി ഇവാലുവേഷനുമായി ബന്ധപ്പെട്ട് കേന്ദ്ര ജലശക്തി മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ഇൻഡിപെൻഡൻസ് പാനൽ ഓഫ് എക്സ്പെർട്ട് കമ്മിറ്റിയിലേക്ക് കേരളത്തിന്റെ പ്രതിനിധിയായി സംസ്ഥാന സർക്കാർ നിർദേശിച്ച അശുതോഷ് ദാഷിനെ കേന്ദ്ര സമിതി അംഗീകരിച്ച് ഉത്തരവ് ആയതായും മോൻസ് ജോസഫ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

